തിരുവനന്തപുരം: ''സംശയംവേണ്ട. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യുവിന്റെ യൂണിറ്റ് ഉടൻ ആരംഭിക്കും. യൂണിവേഴ്സിറ്റി കോളേജ് രാവണൻ കോട്ടയല്ല. മറ്റ് കോളേജുകളിലെന്നപോലെ യൂണിവേഴ്സിറ്റി കോളേജിലും കെ.എസ്.യുവിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. അതിനായി എന്ത് ത്യാഗം സഹിക്കാനും കെ.എസ്.യു തയാറാണ്. എല്ലാ കാമ്പസുകളിലും ഏക രാഷ്ട്രീയ പ്രസ്ഥാനമെന്ന സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും സ്റ്രാലിനിസ്റ്റ് മനോഭാവം അംഗീകരിക്കാൻ കഴിയില്ല''- പറയുന്നത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹത്തിലാണ് അഭിജിത്ത് ഇപ്പോൾ. സത്യാഗ്രഹ പന്തലിൽവച്ച് 'ഫ്ളാഷി'നോട് അഭിജിത്ത് സംസാരിച്ചു:
വിജയം വരെ സമരം
സത്യത്തിനും നീതിക്കുമായി കെ.എസ്.യു ആരംഭിച്ച സമരം വിജയം കണ്ടേ അവസാനിപ്പിക്കൂ. സർവകലാശാലയിലെയും യൂണിവേഴ്സിറ്റി കോളേജിലെയും ഇപ്പോഴത്തെ സംഭവ വികാസങ്ങളിലും എസ്.എഫ്.ഐയുടെ നിയമവിരുദ്ധ നടപടികൾക്ക് കുടപിടിക്കുന്ന വൈസ് ചാൻസലറുടെയും സർവകലാശാല ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നടപടികൾക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം.
ഇതുസംബന്ധിച്ച പൊലീസ് അന്വേഷണവും നടപടികളും സംശയാസ്പദമാണ്. കാലങ്ങളായി യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് നടന്നുവന്ന നിയമവിരുദ്ധ നടപടികളാണ് വിദ്യാർത്ഥിയുടെ വധശ്രമത്തെ തുടർന്നുള്ള അന്വേഷണത്തിൽ പുറത്തായത്. അതീവ രഹസ്യ സ്വഭാവമുള്ള ഉത്തരക്കടലാസുകൾ സർവകലാശാലയിൽ നിന്ന് കൂട്ടത്തോടെ നേതാവിന്റെ വീട്ടിലും എസ്.എഫ്.ഐ കോളേജ് യൂണിറ്റ് ഓഫീസിലുമെത്തിയത് നിസാരമായി കാണാവുന്ന കാര്യമല്ല.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇക്കാര്യത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല. വൈസ് ചാൻസലറുൾപ്പെടെ സംഭവവുമായി ബന്ധമുള്ള മുഴുവൻ പേരെയും മാറ്റിനിറുത്തി വിശദമായ അന്വേഷണം നടത്തിയാലേ സത്യാവസ്ഥ പുറത്തുവരൂ.
നിസാരവത്കരിക്കരുത്
മദ്ധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിയെക്കാൾ വൻ അഴിമതിയും ആൾമാറാട്ടവുമാണ് യൂണിവേഴ്സിറ്റി കോളേജിലും കേരള സർവകലാശാലയിലും നടക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാംപ്രതി ശിവ രഞ്ജിത്ത് പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്കുകാരനായതും സർവകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ ഓഫീസ് സീലും അയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതും ദുരൂഹമാണ്.
ഒന്നോ രണ്ടോ വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമായി ഇതിനെ നിസാരവത്കരിക്കാനാകില്ല. കേരള സർവകലാശാലയിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും പി.എസ്.സി പരീക്ഷയെഴുതി ജോലി പ്രതീക്ഷിച്ചിരിക്കുന്ന യുവ ലക്ഷങ്ങളെയും ബാധിക്കുന്ന പ്രശ്നമാണിത്. സർവകലാശാലയിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഒത്താശയില്ലാതെ ഉത്തരപേപ്പറുകൾ വീട്ടിലും കോളേജിൽ എസ്.എഫ്.ഐയുടെ യൂണിറ്റ് ഓഫീസിലും സൂക്ഷിക്കാനാകില്ല.
പി.എസ്.സിയുടെയും സർവകലാശാലയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസിലെ വ്യാജ സീൽ നിർമ്മിച്ച് അനർഹമായി സ്പോർട്സ് ക്വാട്ടയിലൂടെ ജോലിയിൽ പ്രവേശിക്കാനുള്ള ശിവരഞ്ജിത്തിന്റെ പരിശ്രമങ്ങൾക്ക് രാഷ്ട്രീയ ഭരണ രംഗത്തുള്ളവരുടെ ഒത്താശയുണ്ടാകും. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം നടത്താൻ മറ്റൊരു ഏജൻസിയെ നിയോഗിക്കണം. അത്തരമൊരു അന്വേഷണത്തിന് സർക്കാർ തയാറാകുംവരെ കെ.എസ്.യു സമരവുമായി മുന്നോട്ട് പോകും.