ഹാനോയ്: അഞ്ചാംക്ളാസുകാരൻ പുസ്തകസഞ്ചിയും ചോറ്റുപാത്രവും വെള്ളക്കുപ്പിയുമായി ആ വലിയ പോളിത്തീൻ ബാഗിൽ കയറി ചുരുണ്ടുകൂടിയിരിക്കും. ഉടൻ ഗ്രാമത്തിലെ ധൈര്യശാലിയായ നീന്തൽക്കാരൻ ബാഗിന്റെ വായ മുറുക്കിക്കെട്ടും. പിന്നെ അതുമായി ആർത്തലച്ചൊഴുകുന്ന നദിയിലേക്ക് ചാടും. നീന്തി മറുകരയെത്തി ബാഗുതുറന്ന് അഞ്ചാംക്ളാസുകാരനെ പുറത്തിറക്കും.ഇതിനെല്ലാത്തിനും കൂടി വേണ്ടത് അരമണിക്കൂറിൽ താഴെ..പ്ളാസ്റ്റിക് ബാഗിൽ നിന്ന് പുറത്തേക്കിറങ്ങുന്ന അവൻ നേരേ പോകുന്നത് സ്കൂളിലേക്കാണ്.
വടക്കുപടിഞ്ഞാറൻ വിയറ്റ്നാമിലെ വിദൂര ഗ്രാമമായ ഹുയോ ഹായിലെ മഴക്കാലത്തെ സ്ഥിരം കാഴ്ചയാണിത്. നദിക്കുകുറുകെ പാലമില്ലാത്തതിനാൽ മുളം ചങ്ങാടത്തിന്റെ സ്ഥിരം യാത്ര. എല്ലാസമയത്തും ശക്തമായ ഒഴുക്കുള്ളതാണ് നദി. പക്ഷേ, മഴക്കാലത്ത് നദിയുടെ സ്വഭാവം ആകെ മാറും. ചങ്ങാടമോ വള്ളമോ ഇറക്കാനാവില്ല. അതിനാലാണ് പ്ളാസ്റ്റിക് ബാഗ് പരീക്ഷിക്കുന്നത്. ഗ്രാമത്തിലെ ചില ബുദ്ധിരാക്ഷസരാണ് ഇൗ ഐഡിയയ്ക്കു പിന്നിൽ.
സാധനങ്ങൾ പൊതിയാനുപയോഗിക്കുന്ന സാധാരണ പ്ളാസ്റ്റിക് ബാഗാണ് കുട്ടികളെ അക്കരെയിക്കരെ കടത്താൻ ഉപയോഗിക്കുന്നത്. കല്ലിലാേ കമ്പിലോ തട്ടിയാൽ കഥയാകെ മാറും. പക്ഷേ, ഇതൊന്നും ഗ്രാമത്തിലെ കുട്ടികളെയും രക്ഷിതാക്കളെയും ഭയപ്പെടുത്തിന്നില്ല.
അസാമാന്യമായ ധൈര്യമുണ്ടെങ്കിലേ പ്ളാസ്റ്റിക് ബാഗിൽ അരമണിക്കൂറോളം കൂനിക്കൂടി ഇരിക്കാനാവൂ. മറുകര എത്തുന്നതുവരെ തിരിയുകയോ പിരിയുകയോ അരുത്. അങ്ങനെ ചെയ്താലും അപകടമുണ്ടാകും. ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും പ്ളാസ്റ്റിക് ബാഗിൽ യാത്രചെയ്യാറുണ്ട്. ഇതുവരെ വൻ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.