നെയ്യാറ്റിൻകര: ടൗണിൽ ദിനം പ്രതി കുന്നുകൂടുന്ന മാലിന്യംകാരണം പകർച്ചപ്പനി വർദ്ധിച്ചതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ കയറാൻ പോലും കഴിയുന്നില്ല. അത്രയ്ക്ക് തിരക്കാണ് ഇവിടെ. മൂവായിരത്തോളം രോഗികൾ എത്തുന്ന ഇവിടെ ഡോക്ടറുടെ കുറവുകാരണം മുഴുവൻ രോഗികൾക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരാതി. സാധാരണ ഒ.പി സമയം രാവിലെ മുതൽ ഉച്ചവരെയാണെങ്കിലും പനിക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഒച്ചയ്ക്കുള്ള ഒരു മണിക്കുറത്തെ വിശ്രമ സമയം ഒഴിച്ചാൽ ഒ.പി സമയം രാത്രി വരെ നീളും. രോഗികളുടെ തിരക്ക് വർദ്ധിച്ചതോടെ വേണ്ടത്ര സമയമെടുത്ത് പരിശോധിക്കാൻ കഴിയുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ സാധാരണ നൂറ് രോഗികളെ മാത്രമാണ് ദിനംപ്രതി ചികിത്സിക്കുന്നത്. മറ്റുള്ളവർക്കായി പനി കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രോഗം മൂർച്ഛിച്ചെത്തുന്ന രോഗികൾക്ക് ചികിത്സ ലഭ്യമാക്കുവാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ്.

പകർച്ചപ്പനി ബാധിച്ചത്തുന്ന അധികം പേരും എച്ച്-1 എൻ-1 പരിശോധനയ്ക്കും ഡങ്കിപ്പനി പരിശോധനയ്ക്കും വിധേയരാകാറുണ്ട്. പരിശോധനകളെല്ലാം പൂർത്തിയാകുമ്പോൾ നല്ലൊരു തുക ഇവർക്ക് ചെലവാകും. ജീവൻ രക്ഷാ മരുന്നുകൾ ഇവിടെ നിന്നും സൗജന്യമായി നൽകുന്നുവെങ്കിലും ചില വിലപിടിപ്പുള്ള മരുന്നുകൾ പുറത്തു നിന്നു തന്നെ വാങ്ങണം. ഒ.പി സമയം രാവിലെ 8 മുതൽ ആരംഭിക്കുമെങ്കിലും വെളുപ്പിന് 5 മണിമുതൽ തന്നെ രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും നീണ്ട നിരയാകും. ആശുപത്രിയുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുകയും കൂടുതൽ ചികിത്സാസൗകര്യങ്ങൾ വരുത്തുകയും ചെയ്തതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും രോഗികൾ ഇവിടെ ചികിത്സതേടി എത്താറുണ്ട്. ഒ.പിയിൽ തിരക്ക് കൂടിയാൽ കുഴഞ്ഞതുതന്നെ. ചില ഡോക്ടർമാർ ദിവസവും നൂറ് ടോക്കണാണ് നൽകുന്നത്. മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിന്നെത്തുന്ന രോഗികൾക്ക് ചിലപ്പോൾ ടോക്കൺകിട്ടാതെ മടങ്ങേണ്ട അവസ്ഥയുമുണ്ട്.

അടുത്തിടെ ഓ.പി ടിക്കറ്റിന്റെ ചാർജ് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ തിരക്കിനനുശ്രതമായി കൂടുതൽ ചികിത്സാകൗണ്ടറുകൾ തുറക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. കൂടുതൽ ഒ.പി കൗണ്ടറുകൾ വർധിപ്പിച്ചാൽ രോഗികൾ മണിക്കൂറോളം ക്യൂവിൽ നിൽക്കുന്നത് ഒഴുവാക്കാൻ കഴിയും. എന്നാൽ ഇതിനുള്ള യാതോരുശ്രമവും അശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.