പൊലീസിന്റെ പ്രാകൃതവും അപരിഷ്കൃതവുമായ വാഹന പരിശോധനയ്ക്ക് വഴിയേ പോയ പാവപ്പെട്ട ഒരു ചെറുപ്പക്കാരൻ ബലിയാടായിരിക്കുന്നു. വാഹനം ഓടിക്കുന്നയാൾ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടാൽ കേസെടുക്കാൻ പൊലീസിന് അധികാരമുണ്ട്. അത്തരത്തിൽ പൊലീസ് പിടികൂടിയ ഒരു ആട്ടോറിക്ഷ അതിന്റെ ഡ്രൈവറടക്കം സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ ഉണ്ടായ അപകടത്തിലാണ് വഴിയാത്രക്കാരനായ ശങ്കർ എന്ന മുപ്പത്തഞ്ചുകാരൻ മരണപ്പെട്ടത്. ചേർത്തല വയലാർ രക്തസാക്ഷി മണ്ഡപത്തിനു സമീപം വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ആട്ടോറിക്ഷ ആ വഴി എത്തുന്നത്.
പരിശോധനയിൽ ആട്ടോറിക്ഷ ഓടിച്ചിരുന്ന മനോജ് എന്ന യുവാവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. സ്ഥിരീകരിക്കാൻ പൊലീസിന്റെ പക്കൽ ഉപകരണം ഉണ്ടായിരുന്നില്ല. ആട്ടോഡ്രൈവറെ പിൻസീറ്റിലിരുത്തി പരിശോധക സംഘത്തിലെ പൊലീസുകാരൻതന്നെ ആട്ടോറിക്ഷ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ടതും വാഹനം കടയുടെ ഒരു ഭാഗം തകർത്ത് മരത്തിൽ ഇടിച്ചുനിന്നതും. ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏതാനും മണിക്കൂറിനകം അന്ത്യശ്വാസം വലിച്ചു. കൂലിപ്പണിക്കാരനായ യുവാവിന്റെ അകാല മൃത്യുവിന് പ്രത്യക്ഷമായിത്തന്നെ പൊലീസ് ഉത്തരവാദികളായിരിക്കുകയാണ്. ഗതാഗത നിയമം നടപ്പാക്കാൻ റോഡിലിറങ്ങുന്ന പൊലീസുകാർ തന്നെ നിയമ ലംഘകരാകുന്ന ആദ്യ സംഭവമൊന്നുമല്ല വയലാറിലേത്. മിക്കവാറും എല്ലാ ദിവസവും വാഹന പരിശോധനയുടെ മറവിൽ പൊലീസുകാർ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ വാർത്തയാകാറുണ്ട്.
നിറുത്താതെ പോകുന്ന വാഹനങ്ങൾ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടുന്നതും പൊലീസിനെ കണ്ട് ഭയന്ന് ഓടുന്നതിനിടയിൽ അപകടമുണ്ടാകുന്നതും പതിവാണ്. എത്രയോപേർ ഇതുപോലുള്ള വെളിവില്ലാത്ത വാഹന പരിശോധനകളിൽ തട്ടിതടഞ്ഞു വീണ് പരലോകം പൂകിയിട്ടുണ്ട്. വാഹന പരിശോധന ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വേണം നടത്താനെന്ന് ഉന്നത നീതിപീഠം തന്നെ പല അവസരങ്ങളിലും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. പരിശോധനയിൽ വാഹനം നിറുത്താതെ പോയാൽ തന്നെ അതിന്റെ നമ്പർ രേഖപ്പെടുത്തി നിയമാനുസരണം കേസെടുക്കാമെന്നിരിക്കെ നിയമത്തിന് നിരക്കാത്ത സാഹസികതയ്ക്ക് പൊലീസ് തുനിയേണ്ട കാര്യമില്ല. അധികാര ദുർവിനിയോഗത്തിന്റെ ചെറിയൊരു മാതൃക മാത്രമാണിത്. വയലാറിലുണ്ടായ ദാരുണ സംഭവത്തിൽ കൂലിപ്പണിക്കാരനായ യുവാവിന്റെ അകാലമരണം പാവപ്പെട്ട അയാളുടെ കുടുംബത്തിന് എത്രയോ വലിയ ആഘാതമാകും സൃഷ്ടിച്ചിരിക്കുക.
മദ്യപിച്ചു വാഹനം ഓടിച്ചതിന് പൊലീസ് പിന്തുടർന്നു പിടികൂടിയ ആട്ടോറിക്ഷ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ നിയുക്തനായ പൊലീസുകാരന് ഇത്തരം വാഹനം ഓടിക്കാനുള്ള യോഗ്യത ഉണ്ടായിരുന്നോ എന്നറിയില്ല. അതിനുള്ള ലൈസൻസില്ലെങ്കിൽ നരഹത്യയ്ക്കു തന്നെ കേസെടുത്ത് മേൽനടപടികൾ സ്വീകരിക്കേണ്ടതാണ്. ഗതാഗത നിയമം കർക്കശമായി നടപ്പാക്കാനൊരുങ്ങുന്ന നിയമപാലകർ തന്നെ നഗ്നമായി നിയമലംഘനത്തിനൊരുങ്ങുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പൊലീസ് മേലധികാരികൾ ഈ വിഷയത്തിൽ യഥാർത്ഥ വസ്തുതകൾ ജനങ്ങളെ അറിയിക്കാൻ ബാദ്ധ്യസ്ഥരാണ്.
വാഹനവുമായി റോഡിലിറങ്ങുന്ന സർവമാനപേരും ഗതാഗത നിയമം പാലിക്കണമെന്ന് ശഠിക്കാറുള്ള പൊലീസ് തന്നെ നിയമലംഘകരാകുന്ന നിരവധി സംഭവങ്ങൾക്ക് ജനം നിത്യേന സാക്ഷികളാകാറുണ്ട്. തിങ്കളാഴ്ച മലയിൻകീഴിൽ അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർ സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നു എന്നാണ് കേസെടുത്ത പൊലീസ് തന്നെ പറയുന്നത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കളുടെ അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ചടങ്ങിനിടെ നന്നായി ആഘോഷിച്ച സംഘം അവിടെനിന്നു തിരിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കളിലൊരാൾ തൽക്ഷണം മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കാർ ഓടിച്ചിരുന്ന പൊലീസുകാരന് മദ്യലഹരിയിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം വരുത്തിയതത്രെ.
കാറിടിച്ച് ഒടിഞ്ഞുതൂങ്ങിയ വൈദ്യുതി ലൈനിനടുത്തേക്ക് എത്താൻ ആളുകൾ മടിച്ചത് മറ്റൊരു വലിയ ദുരന്തം ഒഴിവാക്കിയെന്ന് വേണം പറയാൻ. നിയമപാലകർ യൂണിഫോമിൽ അല്ലെങ്കിലും ഗതാഗത നിയമങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥനല്ലേ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. നാട്ടുകാർക്ക് ഒരു നിയമവും നിയമപാലകർക്ക് മറ്റൊരു നിയമവും എന്നത് ദഹിക്കുന്ന കാര്യമല്ല. മലയിൻകീഴിൽ ഉണ്ടായ ഈ കാറപകട സംഭവത്തിലും പൊലീസുകാരന്റെ നിയമലംഘനം അതീവ ഗൗരവത്തോടെ വേണം വീക്ഷിക്കാൻ.
റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ നിയന്ത്രിക്കാനും ഉദ്ദേശിച്ചാണ് സംസ്ഥാനത്തൊട്ടാകെ വാഹനപരിശോധന നടത്തുന്നത്. എന്നാൽ പലേടത്തും വാഹനം ഓടിക്കുന്നവരിൽ നിന്നു പണം വസൂലാക്കാനുള്ള ഉപാധിയായി അത് മാറിയിട്ടുണ്ടെന്ന ആക്ഷേപം ഗൗരവത്തോടെ കാണണം. നിയമലംഘകരോട് വിട്ടുവീഴ്ചയൊന്നും കാണിക്കേണ്ടതില്ലെങ്കിലും മാന്യമായ പെരുമാറ്റം ഉറപ്പാക്കുക തന്നെ വേണം. സാങ്കേതിക വിദ്യകൾ ഏറെ പുരോഗമിച്ച സാഹചര്യത്തിൽ നിയമലംഘനങ്ങൾ കാമറയിൽ പകർത്താനും പിഴ ഈടാക്കാനും അനായാസം കഴിയുമെന്നിരിക്കെ ഓടിച്ചിട്ടു പിടികൂടി ശിക്ഷിക്കേണ്ട ആവശ്യമില്ല. പതുങ്ങിയിരുന്ന് ചാടിവീണ് ആരെയും വലയിലാക്കേണ്ട കാര്യവുമില്ല.