ശ്രീനാരായണഗുരു ആരായിരുന്നുവെന്ന് ഈ തലമുറയ്ക്ക് വ്യക്തമാക്കിക്കൊടുക്കുന്ന കൗമുദി ടി.വിയുടെ മഹാഗുരു പരമ്പര ഒരു അനുഗ്രഹം തന്നെയാണ്. ഗുരു ആരാണെന്ന് ചോദിച്ചാൽ, ഒരു വിഭാഗം പറയും നവോത്ഥാന നായകൻ, ഒരു വിഭാഗം പറയും വിപ്ളവകാരി, പിന്നെയൊരു വിഭാഗം പറയും സാമൂഹ്യ പരിഷ്കർത്താവെന്ന്. സത്യാന്വേഷികൾക്കേ ബ്രഹ്മമായ ശ്രീനാരായണഗുരുവിനെക്കുറിച്ച് പഠിക്കാൻ താത്പര്യമുണ്ടാകൂ. ബ്രഹ്മസ്വരൂപമായ ശ്രീനാരായണഗുരുവിനെക്കുറിച്ച് യൂറോപ്യനായ ക്രിസ്ത്യൻ പാതിരി ദീനബന്ധു ആൻഡ്രൂസ് പറഞ്ഞത് ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടെന്നാണ്. രവീന്ദ്രനാഥ ടാഗോർ ഗുരുവിൽ യോഗീശ്വരനെയാണ് കണ്ടത്. എത്രയോ പൂർവസൂരികൾ പരംബ്രഹ്മമായി ശ്രീനാരായണഗുരുവിനെ കാണുന്നു.നമ്മളോ ഗുരുവിനെ നവോത്ഥാന നായകനിൽ മാത്രം ഒതുക്കി നിറുത്തിയിരിക്കുകയാണ്. ഗുരു ആരായിരുന്നെന്ന് വ്യക്തമാക്കിത്തരുന്ന ശ്രേഷ്ഠമായ രചന പരമ്പരയുടെ ശക്തിയാണ്.
ഉചിതമായ സംഭാഷണങ്ങളും അതനുസരിച്ചുള്ള സംവിധാനവും പരമ്പരയ്ക്ക് മാറ്റ് കൂട്ടുന്നു. ഗുരുവിന്റെ വേഷം മികച്ചതായി അഭിനയിച്ച കലാകാരനും ആസ്വാദകർക്ക് അനുഭൂതി പകരുന്നു. മറവിയിലേക്കുപോയ പഴയ കാലഘട്ടത്തിൽ നമ്മുടെ പൂർവികർ അനുഭവിച്ച യാതനകളും അനുഭവങ്ങളും യാഥാർത്ഥ്യത്തോടെ വരച്ചുകാട്ടുന്നതുമാണ് പരമ്പര. ഇതിന്റെ ശില്പികൾക്ക് ഗുരുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
നീരാവിൽ വിശ്വമോഹൻ,
പെരിനാട് പി.ഒ., കൊല്ലം
ഫോൺ : 934993510.