കല്ലമ്പലം : പള്ളിക്കൽ പഞ്ചായത്തിൽ ജനവാസ മേഖലയിൽ പാറ ക്വാറികൾക്ക് ലൈസൻസ് കൊടുക്കാനുള്ള പഞ്ചായത്തു കമ്മിറ്റി തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിഷേധ കൂട്ടായ്മയിൽ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർ പങ്കെടുത്തു. കമ്മിറ്റി ഹാളിനു മുമ്പിൽ കൂടിയ ജനകീയ കൂട്ടായ്മയെ നേരിടാൻ പൊലീസിനെ നിയോഗിച്ചിരുന്നു. ഐ.എൻ.ടി.യു.സി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു. പങ്കെടുത്തവരുടെ ശക്തമായ ഇടപെടൽ കാരണം ലൈസൻസ് തൽക്കാലത്തേക്ക് കൊടുക്കുന്നത് പഞ്ചായത്ത് നിറുത്തിവച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും മറ്റു ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കുന്ന ക്വാറി ഖനനം അവസാനിപ്പിക്കണമെന്ന് ഐ.എൻ.റ്റി.യു.സി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ. നിസാർ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്.എ. നിഹാസ്. ഡി.സി.സി മെമ്പർ. കെ.ആർ. നാസർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മണികണ്ഠൻ മൂലഭാഗം, മനു, സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.