ആ​റ്റിങ്ങൽ: വാമനപുരം നദിയിലെ ജലനിരപ്പ് കുറയുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക. മഴ കുറഞ്ഞതും തിരിച്ചടിയായി. പൂവമ്പാറയിൽ നിർമ്മിച്ചിട്ടുള്ള തടയണയുടെ ഉയരം കഴിഞ്ഞ വേനൽക്കാലത്തിനു മുമ്പ് താത്കാലികമായി കൂട്ടിയെങ്കിലും ഫലപ്രദമായിരുന്നില്ല. വേനൽക്കാലത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമാകാതിരിക്കാൻ പദ്ധതി പ്രദേശത്ത് ഡാം പണിയണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്. കായലിൽ നിന്നുള്ള വെള്ളം കയറി കുടിവെള്ള പദ്ധതികളിൽ ഉപ്പ് കലരാതിരിക്കാനാണ് പൂവമ്പാറ പാലത്തിന് സമീപം തടയണ നിർമ്മിച്ചത്. എന്നാൽ തടയണയ്ക്ക് ഉയരമില്ലാതെ വന്നതോടെ നദിയിലെ മറ്റ് പദ്ധതികളിൽ വേണ്ടത്ര വെള്ളം ലഭിക്കാത്ത അവസ്ഥയായി. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് നദിയിൽ ഡാം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉയരം കൂട്ടാത്തത് തിരിച്ചടിയായി
-----------------------------------------------------

പൂവമ്പാറയിൽ 3.4 മീ​റ്റർ ഉയരത്തിൽ തടയണ നിർമ്മിക്കാനായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയത്. ഇതനുസരിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ ചില എതിർപ്പുകളുണ്ടായി. തുടർന്ന് സ്ഥിരം തടയണയുടെ ഉയരം 2.7 മീ​റ്ററായി പരിമിതപ്പെടുത്തി. ആവശ്യമെങ്കിൽ താത്കാലികമായി തടയണയുടെ ഉയരം കൂട്ടാൻ വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. സ്ഥിരം തടയണയുടെ മുകളിൽ രണ്ടിഞ്ച് വ്യാസത്തിൽ സുഷിരങ്ങളിട്ടിട്ടുണ്ട്. ഈ സുഷിരങ്ങളിൽ ഇരുമ്പ് പൈപ്പ് കടത്തി ഷീ​റ്റിട്ടശേഷം മണൽച്ചാക്കുകൾ അടുക്കിയാണ് 70 സെന്റിമീ​റ്റർ ഉയരം കൂട്ടിയത്. കഴിഞ്ഞ വർഷവും ഇതുപോലെ തടയണ ഉയർത്തിയിരുന്നു. എന്നാൽ വെള്ളം നിറഞ്ഞതോടെ തടയണയിൽ താത്കാലികമായി ഉയരം കൂട്ടിയ ഭാഗം പൊട്ടി. പിന്നീട് മൂഴിക്കവിളാകം കടവിൽ താത്കാലിക ബണ്ട് നിർമ്മിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

ആശ്രയം വാമനപുരം നദി
----------------------------------------

നെടുമങ്ങാട് താലൂക്കിന്റെ പകുതിയിലധികം പ്രദേശങ്ങളിലും ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ മുഴുവൻ പ്രദേശത്തും കുടിവെള്ളവിതരണം നടത്തുന്നതിന് വെള്ളമെടുക്കുന്നത് വാമനപുരം നദിയിൽ നിന്നാണ്. എന്നാൽ വാമനപുരം നദിയിലെ ജലം സംഭരിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല.

 ആ​റ്റിങ്ങലിൽ മാത്രം 46,000 ഗുണഭോക്താക്കൾ
 തടയണയുടെ ഉയരം - 2.7 മീറ്റ‌ർ (നിലവിൽ)
 ലക്ഷ്യമിട്ടിരുന്ന ഉയരം - 3.4 മീറ്റർ

കുടിവെള്ള പദ്ധതികൾ - 38

നടപടിയെടുക്കും
-------------------------------

വേനൽക്കാലത്തെ കുടിവെള്ളപ്രശ്‌നം അതിജീവിക്കാൻ കാരേറ്റ് പാലത്തിന് സമീപത്തും അയിലംകടവിലും തടയണ നിർമ്മിക്കാൻ തീരുമാനിച്ചു. അയിലം കടവിലേക്ക് എസ്റ്റിമേറ്റ് ആയിക്കഴിഞ്ഞു. കാരേറ്റിലേത് ഉടൻ എസ്റ്റിമേറ്റാകും. മൂഴിക്കവിളാകം കടവിൽ സ്ഥിരം തടയണ നിർമ്മിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഡാം വേണമെന്ന ആവശ്യത്തെക്കുറിച്ച് മന്ത്രി തലത്തിൽ ചർച്ച നടന്നിരുന്നു. വിതുര ഭാഗത്ത് ഡാം നിർമ്മിച്ചാൽ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അന്തിമ തീരുമാനമെടുത്തിട്ടില്ല. കാലതാമസം ഉണ്ടാകുമെന്നതിനാലാണ് അടിയന്തരമായി അ‌ഞ്ചു കോടി രൂപ ചെലവിൽ തടയണകൾ നിർമ്മിക്കാൻ തീരുമാനിച്ചത്.

- ബി. സത്യൻ എം.എൽ.എ