ksu

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികളെ ഡീബാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട്

കേരള സർവകലാശാല ആസ്ഥാനത്ത് കെ.എസ്.യുവിന്റെ പ്രതിഷേധം. കേരള സർവകലാശാല വി.സിയെ ഉപരോധിച്ചുംസർവകലാശാല കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെ.എസ്.യുവിന്റെ പ്രതിഷേധം.നാടകീയ രംഗങ്ങളാണ് സർവകലാശാല ആസ്ഥാനത്ത് അരങ്ങേറിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ വി.സിയെ കാണണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയ്ക്കുള്ളിലെ ആസ്ഥാനമന്ദിരത്തിൽ കയറിയ ഏഴ് പ്രവർത്തകർ വി.സിയെ ഉപരോധിച്ചു. ഇതിനിടെ കെ.എസ്.യു. പ്രവർത്തകരായ ആദർശ് ഭാർഗവൻ, മാത്യു കെ. ജോൺ, ബാഹുൽ കൃഷ്ണ, സ്‌നേഹ, യദുകൃഷ്ണ എന്നിവർ മൂന്നാമത്തെ നിലയിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പതിനഞ്ച് മിനിട്ടോളം ഭീതി പടർത്തിയ ഇവരെ പൊലീസ് അനുനയിപ്പിച്ച് താഴെ ഇറക്കി കന്റോൺമെന്റ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ കെട്ടിടത്തിന് പുറത്തും സർവകലാശാലയുടെ പ്രധാന ഗേറ്റിന് പുറത്തും പ്രതിഷേധവുമായി കൂടുതൽ കെ.എസ്.യു പ്രവർത്തകർ എത്തി. ഇവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് കേരള സർവകലാശാലയിലെ ജീവനക്കാരുടെ സംഘടനയായ കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ സർവകലാശാലയുടെ മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തി. സംഭവത്തെത്തുടർന്ന് സർവകലാശാല ആസ്ഥാനത്തിന് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.