tholikodjuction

വിതുര : തിരുവനന്തപുരം - പൊൻമുടി സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനായ തൊളിക്കോടിന്റെ വികസനം നടപ്പാക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്ത് ആസ്ഥാനം കൂടിയായ തൊളിക്കോട് ജംഗ്ഷനിൽ നൂറോളം വ്യാപാരസ്ഥാപനങ്ങളും, നിരവധി ധനകാര്യസ്ഥാപനങ്ങളും, പള്ളികളും, സ്കൂളുകളും, യു.എെ.ടിയും പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങൾ പതിവായ തൊളിക്കോട് ജംഗ്ഷൻ നവീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൊളിക്കോട് ജംഗ്ഷൻ വികസിപ്പിക്കാനായി തയാറാക്കിയ മാസ്റ്റർ പ്ലാൻ കടലാസിലുറങ്ങുകയാണ്. റോഡിന്റെ വീതിക്കുറവ് മൂലം വിതുരയിൽ നിന്നും നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് ഇതു വഴി പോകുന്നത്. പാലോട് കാലങ്കാവിൽ നിന്നുള്ള ഇടറോഡ് വന്നു ചേരുന്നതും തൊളിക്കോട് ജംഗ്ഷനിലാണ്. ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ഇവിടെ യാതൊരു ഗതാഗതനിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ട്രാഫിക് നിയന്ത്രിക്കുവാനായി പൊലീസിന്റെ സേവനം ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒാടകൾ നിർമ്മിച്ചിട്ടില്ലാത്തതിനാൽ മഴയായാൽ ജംഗ്ഷൻ വെള്ളത്തിൽ മുങ്ങുകയും ഗതാഗതം തടസപ്പെടുകയും ചെയ്യും. പച്ചക്കറികളും മീനും മറ്റും റോഡരികിൽ കച്ചവടം നടത്തുന്നത് പതിവാണ്. അനധികൃത പാർക്കിംഗ് കൂടിയാകുമ്പോൾ ഗതാഗതപ്രശ്നം രൂക്ഷമാകും. ഇരുചക്രവാഹനങ്ങളുൾപ്പടെ റോഡുവക്കിൽ പാർക്ക് ചെയ്തിരിക്കുന്നത് ജംഗ്ഷനിലെ പതിവ് കാഴ്ചയാണ്. ഇൗ മേഖലയിൽ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായും പരാതിയുണ്ട്. തൊളിക്കോട് മുതൽ വിതുര വരെയുള്ള വീതി കുറഞ്ഞ റോഡിൽ അനവധി അപകടങ്ങളും, അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ജംഗ്ഷൻ നവീകരണം വൈകിയാൽ അപകടങ്ങളുടെ ഗ്രാഫ് ഇനിയും ഉയരുവാൻ സാദ്ധ്യതയുണ്ട്. ജംഗ്ഷൻ ആധുനിക രീതിയിൽ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിനോദസഞ്ചാരകേന്ദ്രങ്ങളായ പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ, മീൻമുട്ടി, വാഴ്വാൻതോൾ, ചാത്തൻകോട് എന്നിവിടങ്ങളിൽ എത്തണമെങ്കിൽ തൊളിക്കോട് ജംഗ്ഷൻ താണ്ടണം. ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടങ്ങളിലേക്ക് പോകുന്നത്.