തിരുവനന്തപുരം: രാഷ്ട്രീയ നിയമനം നടത്തുന്ന പി.എസ്‌.​സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ പി.എസ്‌.​സി ഓഫീസിൽ തള്ളിക്കയറി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ചിത് ചന്ദ്രൻ, ജില്ലാ കൺവീനർ മഞ്ജിത്, നേതാക്കളായ ആർ.ബി. രാകേന്ദു, മണവാരി രതീഷ്, അഡ്വ. ബി.ജി. വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പി.എസ്‌​.സി ഓഫീസിലേക്ക് തള്ളിക്കയറിയത്. ഉദ്യോഗാർത്ഥികളെ നോക്കുകുത്തികളാക്കി രാഷ്ട്രീയ നിയമനങ്ങളാണ് പി.എസ്.സി നടത്തുന്നതെന്നും സി.പി.എമ്മിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്ന പി.എസ്‌.സിക്കെതിരെ സമരം തുടരുമെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു പറഞ്ഞു. പ്രവർത്തകരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി.