കിളിമാനൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായത് ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ മാത്രമല്ല വീടും കിടപ്പാടവും ഇല്ലാത്ത നൂറു കണക്കിന് സാധാരണക്കാരുടെ സ്വപ്നവും കൂടിയാണ്. ബന്ധു ജനങ്ങൾ ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ വീടിനോട് ചേർന്നോ വീടിനകത്തോ ഒക്കെ മൃതദേഹം അടക്കം ചെയ്യേണ്ട ഗതികേടിലായിരുന്നു ജനങ്ങൾ. ആ സാഹചര്യത്തിലാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കിന് കീഴിലുള്ള മറ്റു പഞ്ചായത്തുകളുമായി ചേർന്ന് പൊതുശ്മശാനം എന്ന ആശയം വിഭാവന ചെയ്തത്. ഇതിന് സ്ഥലം കണ്ടെത്തുകയും പണി ആരംഭിക്കുകയും ഒക്കെ ചെയ്തങ്കിലും പണി ഇഴഞ്ഞു നീങ്ങി.
ഇത് ചൂണ്ടി കാട്ടി കേരള കൗമുദി 2018 ജൂലൈ 30ന് മരണക്കിടക്കയിൽ ഒരു സ്വപ്ന പദ്ധതി എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് ഡിസംബറിൽ പണി പൂർത്തിയാക്കുകയും മന്ത്രി എ.സി. മൊയ്തീൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എന്നാൽ കെ.എസ്.ഇ.ബിയുടെ അനാസ്ഥകാരണം പദ്ധതിയുടെ പ്രവർത്തനം വീണ്ടും നീണ്ടു പോകുകയായിരുന്നു. തുടർന്ന് കേരള കൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ ഇടപെടുകയും കെ.എസ്.ഇ.ബി വൈദ്യുതി എത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
പദ്ധതിയിങ്ങനെ
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2015-16 വാർഷിക പദ്ധതിയും പഴയകുന്നുമ്മൽ, കിളിമാനൂർ, നഗരൂർ, കരവാരം, മടവൂർ, പള്ളിക്കൽ, പുളിമാത്ത് പഞ്ചായത്തുകൾ സംയുക്തമായി വിഭാന ചെയ്ത പദ്ധതി .
പദ്ധതി
പഴയകുന്നുമ്മൽ പഞ്ചായത്തിലെ കാനാറ കുന്നിൽ 13 സെന്റ് സർക്കാർ ഭൂമിയിൽ.
നിർമ്മാണം
എം.എച്ച്.ടി എൻജിനിയറിംഗ്
ഫണ്ടിംഗ് - ഇലക്ട്രിക്കൽ ക്രിമിറ്റോറിയം ഇൻസ്റ്റലേഷൻ 60 ലക്ഷം
കെട്ടിട നിർമ്മാണം 40 ലക്ഷം.
ടു ഇൻ വൺ - വൈദ്യുതിയിലും, ഗ്യാസിലും പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ശ്മശാനം
ശാന്തികവാടത്തിൽ നിന്നും 2 സ്ഥിരം ജീവനക്കാർ
ഗുണഭോക്താക്കൾ - ബ്ലോക്കിനു പുറമെ സംസ്ഥാനത്ത് എവിടെ നിന്നുള്ള മൃതദേഹവും സംസ്കരിക്കും. മതിയായ രേഖകൾ ഹാജരാക്കണം.
പ്രവർത്തന സമയം - രാവിലെ 8 മുതൽ വൈകിട്ട് 6 വരെ.
ഫീസ്
ബി.പി.എൽ- കുടുബംഗങ്ങൾക്ക് 2000 രൂപയും
എ.പി.എൽ കുടുംബാംഗങ്ങൾക്ക് - 2500 രൂപയും
ഫോൺ: 9567543495.
നിലവിൽ ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന സമത്വ തീരം ശ്മശാനം നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ ശ്മശാനം സ്ഥിതി ചെയ്യുന്ന പഴയകുന്നുമ്മൽ പഞ്ചായത്തിന് കൈമാറും.
ശ്രീജ ഷൈജു ദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്