വിഴിഞ്ഞം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നൽ കുത്തേറ്റു. വനിതകളടക്കം 6 പേർ ചികിത്സയിൽ. ഒരാൾക്ക് ഗുരുതര പരിക്ക്. കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് ചപ്പാത്ത് വളവു നടയിലെ ഇടത്തോട് നവീകരണ ജോലികൾ നടക്കവെയാണ് കടന്നലുകൾ ആക്രമിച്ചത്.30 തൊഴിലാളികൾ ഉണ്ടായിരുന്നു. തോടിനു സമീപത്തെ കാട് തെളിക്കവെ മരച്ചില്ലയിലെ കടന്നൽക്കൂട് ഇളകുകയായിരുന്നു. കടന്നൽ കുത്തേറ്റ ഒരു പുരുഷനും 5 സ്ത്രീകളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണികണ്ഠൻ (53), ലളിത (48), ഉഷ (51), കൃഷ്ണമ്മ (60), ബിന്ദു (44), ശശികല (38) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഉഷയുടെ പരിക്ക് ഗുരുതരമാണ്. ഉഷയുടെ തലയ്ക്കാണ് കുത്തേറ്റത്.