വർക്കല: മലയാള സിനിമയിലെ ശബ്ദഗാംഭീര്യമുള്ള നടൻ ജി.കെ. പിള്ളയ്ക്ക് 95 വയസ്. ഇന്നലെയായിരുന്നു ജന്മദിനം. സിനിമാ സീരിയൽ രംഗത്ത് ഇപ്പോഴും സജീവമായ ജി.കെ. പിള്ള സിനിമയിലെത്തിയിട്ട് 63 വർഷമായി. ചിട്ടയായ ജീവിതവും ഈശ്വരവിശ്വാസവുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് അദ്ദേഹം പറയുന്നു. 1925ൽ ചിറയിൻകീഴിലാണ് ജി.കെ. പിള്ള ജനിച്ചത്. 15ാമത്തെ വയസിൽ അക്കാലത്തെ ബോയ് പട്ടാളത്തിൽ ചേർന്നു. 12 വർഷം പട്ടാളജീവിതം തുടർന്നു. ഇക്കാലത്താണ് പ്രേംനസീറുമായി അഭിനയം തുടങ്ങിയത്. ഇതോടെ ജി.കെ. പിള്ളയെയും സിനിമ മോഹിപ്പിക്കാൻ തുടങ്ങി. പട്ടാളത്തിൽ നിന്നു വിരമിച്ച ശേഷം 1954ൽ സ്നേഹസീമ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം തുടങ്ങി. തുടർന്ന് പ്രേംനസീർ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. വടക്കൻപാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. പത്തോളം ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ അദ്ദേഹം കുടുംബ സദസുകളുടെ മനംകവർന്നു. കാര്യസ്ഥൻ എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. 95ന്റെ നിറവിലെത്തിയ ജി.കെ.പിള്ളയ്‌ക്ക് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരൻ വീട്ടിലെത്തി ജന്മദിനാശംസകൾ നേർന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, വർക്കല ബ്ലോക്ക് പ്രസിഡന്റ് കെ. രഘുനാഥൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പിറന്നാളാഘോഷം ഞായറാഴ്ചയാണ്. അന്ന് ഉച്ചയ്ക്ക് ഇടവ മാന്തറ വലിയമാന്തറവിളയിൽ വീട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സദ്യ ഒരുക്കുന്നുണ്ട്.