
തിരുവനന്തപുരം: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ള അയ്യായിരത്തോളം നഴ്‌സുമാർക്ക് സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് വഴി നേരിട്ട് നിയമനം. ഇതു സംബന്ധിച്ച് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടുമായി (എച്ച്.ഇ.ഇ) ബ്രിട്ടൻ സന്ദർശിക്കുന്ന മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ എച്ച്.ഇ.ഇ ആസ്ഥാനത്ത് കരാറൊപ്പിട്ടു.
ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി എന്നിവ പാസാവുകയും ചെയ്ത നഴ്‌സുമാർക്കാണ് ഇംഗ്ലണ്ടിലെ സർക്കാർ ആശുപത്രികളിൽ നിയമനം ലഭിക്കുക. വിവിധ കോഴ്‌സുകൾക്ക് ചെലവാകുന്ന തുകയും വിസാ ചാർജും വിമാനടിക്കറ്റും സൗജന്യമാണ്. മൂന്നു മാസത്തെ സൗജന്യ താമസവും നൽകും. അയ്യായിരത്തോളം ഒഴിവുകളുണ്ട്. സർക്കാർ സർവീസിലുള്ള നഴ്‌സുമാർക്ക് അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം.
തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസ്, ഒഡെപെക് ചെയർമാൻ എൻ.ശശിധരൻ നായർ, മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായർ, ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഗ്ലോബൽ എൻഗേജ്‌മെന്റ് ഡയറക്ടർ പ്രൊഫ.ജെഡ് ബയൺ, ഗ്ലോബൽ മാനേജ്‌മെന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജൊനാഥൻ ബ്രൗൺ, ബിൻ ഹൂഗസ്, മിഷേൽ തോംസൺ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.