university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്രി കോളേജിലെ പരീക്ഷാതട്ടിപ്പിൽ അന്വേഷണം നടത്തി ഉടൻ നടപടിയെടുക്കണമെന്ന് സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവം മന്ത്രി കെ.ടി. ജലീലിനോട് ആവശ്യപ്പെട്ടു. വധശ്രമക്കേസ് പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തിനെ പറ്റി വി.സി വി.പി. മഹാദേവൻ പിള്ളയോട് ഗവർണർ വിശദീകരണം തേടി. രാജ്ഭവനിലെത്തി ഗവർണറെ കാണുകയായിരുന്നു. ശക്തമായ നടപടികളെടുക്കുമെന്നും ഇതിനായി കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും രാജ്ഭവനിൽ എത്തിയ മന്ത്രി

ഗവർണറെ അറിയിച്ചു.

അതേസമയം, രജിസ്ട്രാറുടെ പരാതിയിൽ പരീക്ഷാതട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

പരീക്ഷാ തട്ടിപ്പിനെ പറ്റിയുള്ള കേരളകൗമുദി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് മന്ത്രി ജലീലിന്റെ ഓഫീസ് അറിയിച്ചു. പരീക്ഷാ ക്രമക്കേടുകൾക്ക് കൂട്ടുനിന്ന മൂന്ന് അനദ്ധ്യാപകരെ സ്ഥലംമാറ്റി. പ്രിൻസിപ്പൽ കെ. വിശ്വംഭരനെ മാറ്റി പുതിയ പ്രിൻസിപ്പലിനെ ഉടൻ നിയമിക്കും. ഹോസ്റ്റലുകളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാനും കോളേജിലെ ഫ്ലക്സുകളും ബോർഡുകളും നീക്കാനും മന്ത്രി നിർദ്ദേശിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷാകേന്ദ്രം വേണ്ടെന്ന് പി.എസ്.സിക്കും ശുപാർശ നൽകി.

പരീക്ഷാതട്ടിപ്പ് കൺട്രോളർ അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള കേരളകൗമുദിയോട് പറഞ്ഞു. 2012 മുതൽ കോളേജിൽ നൽകിയതും ഉപയോഗിച്ചതും അവശേഷിച്ചതുമായ പരീക്ഷാപേപ്പറുകളുടെ കണക്ക് 20നകം ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷയ്ക്ക് രണ്ടു ദിവസത്തിനു ശേഷമാണ് കോളേജുകളിൽ നിന്ന് ഉത്തരക്കടലാസുകൾ ശേഖരിക്കാറുള്ളത്. ഇനി യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസുകൾ അന്നന്ന് ശേഖരിക്കും. പരീക്ഷാകൺട്രോളറും ജോയിന്റ് രജിസ്ട്രാറും ഇന്ന് യൂണിവേഴ്സിറ്രി കോളേജിലെത്തി കണക്കെടുക്കും.

കോളേജിലെ പരീക്ഷയുടെ ചുമതലയുള്ള ചീഫ് സൂപ്രണ്ടിനോട് സർവകലാശാല വിശദീകരണം ആവശ്യപ്പെട്ടു. പ്രിൻസിപ്പലും ഇതേക്കുറിച്ച് വിശദീകരിക്കണം. 18ന് സിൻഡിക്കേറ്റ് യോഗം പരീക്ഷാതട്ടിപ്പ് ചർച്ചചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാൽ എം.എൽ.എ എന്നിവരും ഗവർണറെ കണ്ട് പരീക്ഷാതട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ഉത്തരക്കടലാസ് കടത്തി: വി.സി

യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചില വിദ്യാർത്ഥികൾ ഉത്തരക്കടലാസുകൾ കടത്തിയെന്ന് ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വി.സി വിശദീകരിച്ചു. വധശ്രമക്കേസ് പ്രതിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഉത്തരക്കടലാസുകളിലെ നമ്പരുകൾ സർവകലാശാലയുടെ ബുക്ക്‌ലെറ്റ് രജിസ്റ്ററിലുള്ളതാണ്. എന്നാൽ പിടിച്ചെടുത്ത സീൽ പ്രതി വ്യാജമായി ഉണ്ടാക്കിയതാണ്.

''കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പ്രതികളുടെ രാഷ്ട്രീയം നോക്കില്ല. ശക്തമായ നടപടികളുണ്ടാവും''

-ലോക്നാഥ് ബെഹ്റ

പൊലീസ് മേധാവി