university-college-incide

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ തമ്മിലടിച്ച എസ്.എഫ്.ഐ പ്രവർത്തകരെ ഒരുമിച്ച് നിറുത്താനുള്ള തീവ്രശ്രമങ്ങൾ എസ്.എഫ്.ഐ നേതൃത്വം ആരംഭിച്ചു. കോളേജിൽ ഏറ്റുമുട്ടിയ എസ്.എഫ്.ഐ പ്രവ‌ർത്തകരെ പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിൽ ഇന്നലെ ജില്ലാനേ‌തൃത്വം വിളിച്ചുവരുത്തിയിരുന്നു. പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഇരു കൂട്ടരെയും ഒരുമിപ്പിച്ചശേഷമാണ് ഉച്ചയോടെ യോഗം പിരിച്ചുവിട്ടത്. ഉച്ചയ്‌ക്ക് രണ്ട് മണിക്കുശേഷം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനമെങ്കിലും പെട്ടെന്ന് ഇത് അടുത്ത ദിവസത്തേക്ക് മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു. കോളേജിലെ വിവിധ വിഭാഗത്തിലെ കൺവീനർമാർ,​ കോളേജിലെ വിദ്യാർത്ഥികളായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി,​ ഏരിയാ കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയാണ് അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകുന്നത്. ജില്ലാകമ്മിറ്റി നേരിട്ടായിരിക്കും പ്രവർത്തനങ്ങൾ വിലയിരുത്തുക. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം പുതിയ കമ്മിറ്റി രൂപീകരിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. അന്തിമ തീരുമാനം അടുത്ത ദിവസം തന്നെയുണ്ടാകും.