തിരുവനന്തപുരം: കർക്കടക വാവുബലിക്ക് മുന്നോടിയായി വിപുലമായ സൗകര്യങ്ങളൊരുക്കാൻ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. വിവിധ ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ വർക്കല, ശംഖുംമുഖം, തിരുവല്ലം, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളിലായി ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ നടക്കും.

ബലിതർപ്പണത്തിനായി ഏറ്റവുമധികം ആളുകൾ എത്തുന്ന വർക്കലയിൽ മൂന്നു മെഡിക്കൽ സംഘങ്ങളിലായി അഞ്ചു ഡോക്ടർമാരുടെയും മൂന്ന് ആംബുലൻസുകളുടെയും സേവനം ലഭ്യമാക്കും. മെഡിക്കൽ ടീമിന്റെയും കൺട്രോൾ റൂമിന്റെയും നമ്പരുകൾ വിവിധയിടങ്ങളിൽ പ്രദർശിപ്പിക്കും. അപകട മുന്നറിയിപ്പ് നൽകുന്നതിനും ദിശ മനസിലാക്കുന്നതിനും ബോർഡുകൾ സ്ഥാപിക്കും. വർക്കല, ശംഖുംമുഖം എന്നിവിടങ്ങളിൽ 70 ലൈഫ് ഗാർഡുകളുടെയും മുങ്ങൽ വിദഗ്ദ്ധരുടെയും സേവനം ഉറപ്പാക്കും. പൊലീസ്, ഫയർഫോഴ്‌സ് എന്നിവയുടെ കൺട്രോൾ റൂമുകൾ വാവുബലി കേന്ദ്രങ്ങളിലുണ്ടാകും. പ്രദേശത്തെ സുരക്ഷാ ചുമതല പൊലീസിനായിരിക്കും. തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബിയും നടപടിയെടുക്കും. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി വാവുബലി പൂർണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കുമെന്ന് കളക്ടർ പറഞ്ഞു. ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. എല്ലാ പ്രദേശങ്ങളിലും ജലലഭ്യത ഉറപ്പാക്കാൻ ജല അതോറിട്ടിക്ക് നിർദ്ദേശം നൽകി. അനധികൃത ഭക്ഷ്യവിപണനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താത്കാലിക ഭക്ഷ്യലൈസൻസ് നൽകും. ഉച്ചഭാഷിണിയുടെ നിയന്ത്രണം മലിനീകരണ നിയന്ത്രണ ബോർഡിനായിരിക്കും. ആവശ്യമെങ്കിൽ തഹസിൽദാർമാർക്കും പരിശോധന നടത്താം. അരുവിക്കര, തിരുവല്ലം എന്നീ പ്രദേശങ്ങളിൽ ജലനിരപ്പ് നിയന്ത്രിക്കാനും തിരുവല്ലത്തെ താത്കാലിക പാലത്തിന്റെ സുരക്ഷാ പരിശോധന നടത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. എ.ഡി.എം വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.