veda

ചെന്നൈ: കോടതിയിൽ നിന്നും 'കൊട്ട്' കിട്ടിയിട്ടും മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കണമെന്ന തീരുമാനവുമായി മുന്നോട്ടു പോവുകയാണ് തമിഴ്നാട് സർക്കാർ. ജനത്തിന്റെ പണം ഉപയോഗിച്ച് ഇത്തരത്തിൽ സ്മാരകം നിർമ്മിക്കുന്നത് എന്തിനാണെന്നാണ് മുമ്പ് മദ്രാസ് ഹൈക്കോടതി സർക്കാരിനോടു ചോദിച്ചത്. ഇങ്ങനെ മുഖ്യമന്ത്രിമാർ താമസിച്ചിരുന്ന മറ്റ് വസതികളും സ്മാരകമാക്കുമോ എന്നും കോടതി പരിഹസിച്ചിരുന്നു. എന്നിട്ടും തീരുമാനം മാറ്റാതെ മുന്നോട്ടു പോവുകയാണ് സർക്കാർ.

പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കുന്നതിനെതിരെ ജയലളിതയുടെ സഹോദരന്റെ മക്കൾ ദീപയും ദീപക്കുമാണ് ആദ്യം കോടതിയെ സമീപിച്ചത്. എന്നാൽ ഇപ്പോൾ സർക്കാർ തീരുമാനത്തിനെതിരെ പരിസരവാസികളും രംഗത്ത് എത്തിയിട്ടുണ്ട്. ജയലളിതയുട മരണത്തെ തുടർന്ന് മുഖ്യമന്ത്രിയായ ഒ.പന്നീർശെൽവമാണ് വേദനിലയം സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം മരണം സംബന്ധിച്ച് ജൂഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു.

രണ്ടും ശശികലയെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ജയലളിതയുടെ മരണശേഷവും വേദനിലയത്തിൽ താമസിച്ചിരുന്നത് ശശികലയായിരുന്നു.

ജയലളിത ജീവിച്ചിരിക്കുമ്പോൾ വേദനിലയത്തിൽ തിരക്കൊഴിഞ്ഞ സമയമുണ്ടായിരുന്നില്ല. വേദനിലയത്തിന്റെ ഒന്നാമത്തെ നിലയിൽ ജയലളിത പാർട്ടി ചിഹ്നമായ ഇരട്ട ഇലയെ സൂചിപ്പിച്ച് രണ്ടു വിരലുകൾ ഉയർത്തി വീശുന്നത് കാണാനായി പ്രവർത്തകർ മണിക്കൂറുകളോളം കാത്തു നിന്നിരുന്നു.

ഈ സ്വത്തൊക്കെ ആർക്ക്?

♦ജയലളിത തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചുകൊണ്ട് വിൽപത്രം എഴുതിയിട്ടില്ല

♦24,000 ചതുരശ്ര അടി വരുന്ന ഈ കൂറ്റൻ ബംഗ്ലാവാണ് വേദനിലയം

♦1967ൽ ആണ് ജയലളിതയും അമ്മ സന്ധ്യയും ചേർന്ന് പോയസ് ഗാർഡനിലെ വസ്തുവകകൾ വാങ്ങുന്നത്.

♦1.32 ലക്ഷമായിരുന്നു അന്ന് ഇതിന്റെ വില. 90 കോടിയാണ് ഇപ്പോൾ ബംഗ്ലാവ് അടക്കമുള്ള ഈ വസ്തുവകകളുടെ ഇന്നത്തെ മതിപ്പുവില.

♦ ഈ വീട് കൂടാതെ ജയലളിതയ്ക്ക് 80 കോടിയോളം വരുന്ന സ്വത്തുവകകൾ വേറെയും ഉണ്ട്.

♦തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 118.58 കോടിയുടെ സ്വത്ത് തനിക്കുണ്ടെന്നാണ് ജയലളിത വ്യക്തമാക്കിയിരുന്നത്.

♦കേസുകളിൽ പെട്ടിട്ടുള്ള സ്വത്തുക്കളുടെ വില കണക്കിൽ പെടുത്താതെയാണ് ഇത്.

♦ഹൈദ്രാബാദിൽ 14.5 ഏക്കർ കൃഷിനിലവും ജയലളിതയ്ക്കുണ്ട്. കാഞ്ചീപുരത്ത് 3.43 ഏക്കറുമുണ്ട്. 72.09 കോടിയാണ് ഭൂമിയുടെ മൊത്തം വിലയായി ജയലളിത കാണിച്ചിരുന്നത്

♦ പല കമ്പനികളിലും ഓഹരി നിക്ഷേപങ്ങളുണ്ടെങ്കിലും അവ കേസുകളിൽ പെട്ടിരിക്കുകയാണ്.