പാറശാല: ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി.ഇ കോളേജിൽ കഴിഞ്ഞദിവസം എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം ആവർത്തിക്കാതിരിക്കാൻ സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വം രംഗത്ത്. യൂണിവേഴ്സിറ്റി കോളേജിലെ സംഭവം വിവാദമായതോടെ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ജില്ലാ നേതൃത്വം ഇടപെട്ടത്. സംഭവത്തിൽ കോളേജ് യൂണിയൻ പ്രവർത്തകരോട് പാർട്ടി ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചെന്നാണ് സൂചന. സംഘർഷത്തെ തുടർന്ന് കോളേജിന് അവധി നൽകി അധികൃതർ പ്രശ്‌നം തത്കാലത്തേക്ക് ഒത്തുതീർത്തിരിക്കുകയാണ്. എസ്.എഫ്.ഐക്ക് മാത്രം പ്രവർത്തനസ്വാതന്ത്ര്യമുള്ള കോളേജിലെ ഒരു വിദ്യാർത്ഥിനിക്ക് നേരെ മറ്റൊരു വിദ്യാർത്ഥി നടത്തിയ പ്രതികരണമാണ് സംഘർഷത്തിന് കാരണം. ചേരി തിരിഞ്ഞുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷങ്ങൾ കൂടുതൽ ശക്തിപ്പെടാതിരിക്കാൻ കോളേജ് അധികൃതർ ശ്രദ്ധിച്ചതിനാൽ സംഭവത്തിനെതിരെ കൂടുതൽ നടപടികൾ ഉണ്ടായില്ല. പാർട്ടി ഒാഫീസിന് തുല്യമായി കാമ്പസിനുള്ളിൽ സംഘടനയുടെ പതാകയോട് കൂടിയ കൊടിമരം സ്ഥാപിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനങ്ങൾക്കായി പ്രത്യേക മുറി ഏർപ്പെടുത്തിയിട്ടുള്ളതിന് പുറമേ കോളേജിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും യൂണിറ്റ് നേതൃത്വം തന്നെയാണ്. സമീപത്തുള്ള വി.ടി.എം എൻ.എസ്.എസ് കോളേജിലെ എ.ബി.വി.പി പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് ഇരു കോളേജുകൾക്ക് മുമ്പിലും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.എച്ച്.ആർ.ഡി.ഇ കോളേജിന് മുന്നിൽ പൊലീസ് നോക്കിനിൽക്കേയാണ് സംഘർഷങ്ങൾ അരങ്ങേറിയതെങ്കിലും കാമ്പസിനുള്ളിൽ പ്രവേശിക്കുന്നത് വിദ്യാർത്ഥികൾ തടയുകയായിരുന്നു.