മുടപുരം: അനേക വർഷങ്ങളായി ഉപഭോക്താക്കളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും പെരുങ്ങുഴിയിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അനുവദിക്കാൻ ഇലക്ട്രിസിറ്റി ബോർഡ് തയ്യാറാവുന്നില്ല.

അഴൂർ ഗ്രാമപഞ്ചായത്തിൽ ഏഴായിരത്തിൽ അധികം ഉപഭോക്താക്കളുണ്ട്. എന്നിട്ടും അവർക്ക് വേണ്ടി സെക്ഷൻ ഓഫീസ് അനുവദിക്കാൻ അധികൃതർ മടി കാണിക്കുന്നു.

ഗ്രാമപഞ്ചായത്തിൽ ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും പ്രൊജക്റ്റ് തയ്യാറാക്കുന്നതിനും ആവശ്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനും അപേക്ഷകൾ നൽകുന്നതിനും ചിറയിൻകീഴ്, മംഗലാപുരം, കണിയാപുരം എന്നീ മൂന്നു സെക്ഷൻ ഓഫീസുകളിലും കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ.

1988 ൽ അഡ്വ. വി. ജോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ പെരുങ്ങുഴിയിൽ സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും ഇലക്ട്രിസിറ്റി ബോർഡിനും നിവേദനം നൽകിയിരുന്നു. തുടർന്ന് ആനത്തലവട്ടം ആനന്ദൻ എം.എൽ.എ ആയിരുന്നപ്പോൾ ഇത് സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിക്കുകയും സെക്ഷൻ ഓഫീസ് അനുവദിക്കാമെന്ന് അന്നത്തെ മന്ത്രി രേഖാമൂലം അറിയിക്കുകയും ചെയ്തതാണ്. എന്നാൽ സെക്ഷൻ ഓഫീസ് അനുവദിച്ചില്ല. ഇപ്പോൾ വീണ്ടും സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മന്ത്രിക്കും ഇലക്ട്രിസിറ്റി ബോർഡിനും സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ്. അത് പ്രതീക്ഷയ്ക്ക് വക നൽകുന്നു.

ആഴൂർ ഗ്രാമപഞ്ചായത്തിൽ - 7000 ഉപഭോക്താക്കൾ

പ്രധാന പ്രശ്നം

ചിറയിൻകീഴ്, മംഗലാപുരം, കണിയാപുരം എന്നീ സെക്ഷൻ ഓഫീസുകളിലായിട്ട് അഴൂർ ഗ്രാമപഞ്ചായത്ത് പ്രദേശം വിഭജിക്കപ്പെട്ടിരിക്കുന്നു. ഇത് മൂലം ഗ്രാമപഞ്ചായത്തും ഉപഭോക്താക്കളും അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. കറന്റ് ബില്ല് അടയ്ക്കുന്നതിന് ഒരു പഞ്ചായത്തിലെ ഉപഭോക്താക്കൾ മൂന്ന് സെക്ഷൻ ഓഫീസുകളിൽ പോകേണ്ട സ്ഥിതിയിലാണ്.

ആദ്യം നിവേദനം നൽകിയത്

1988ൽ അഡ്വ. വി. ജോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ

ഇപ്പോഴുള്ളത് - പെരുങ്ങുഴിയിൽ ഒരു സബ് എൻജിനിയർ ഓഫീസ് മാത്രമാണ് ഉള്ളത്.


അഴൂർ ഗ്രാമപഞ്ചായത്ത് നിവാസികൾ അനേക വർഷങ്ങളായി ആവശ്യപ്പെടുന്നതാണ് പെരുങ്ങുഴിയിൽ കെ.എസ്‌.ഇ.ബി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്നത്. നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും ബുദ്ധിമുട്ട് പരിഗണിച്ച് ഈ ആവശ്യം കെ.എസ്‌.ഇ.ബിയും സർക്കാരും അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ആർ. അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, അഴൂർ ഗ്രാമ പഞ്ചായത്ത്