v

കടയ്ക്കാവൂർ : കൃഷി വകുപ്പിന്റെ സഹകരണത്തോടെ കടയ്ക്കാവൂർ പഞ്ചായത്തിലെ നാലാം വാർഡ് ഏലാപ്പുറം ഏലായിൽ തൊഴിലുറപ്പ് തൊഴിലാളികൾ നെൽകൃഷിയിറക്കി. തരിശായി കിടന്ന 20 ഏക്കർ നെൽവയൽ പാട്ടത്തിനെടുത്ത് നിലം ഒരുക്കിയാണ് ഇവർ കൃഷി ചെയ്യുന്നത്. കർഷകനായ സതീശൻ വെട്ടിയറ, സിന്ധു, ഹേമ, സോഫിയ, അനിലത, ഇന്ദിര, ലതിക എന്നിവരുടെ നേതൃത്വത്തിലുള്ള 120 തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിഭവനിൽ നിന്നു ലഭിച്ച ശ്രേയസ് വിത്ത് ഉപയോഗിച്ച് കൃഷിയിറക്കുന്നത്. നടീൽ ഉത്സവം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ലക്ഷ്മി, സതീശൻ വെട്ടിയറ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ രാധിക പ്രദീപ് സ്വാഗതവും എം.ജി.എൻ.ആർ.ഇ.ജി.എസ് കൺവീനർ ഹേമ നന്ദിയും പറഞ്ഞു. ഞാറ് നടീൽ ഉത്സവത്തിൽ കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി.എസിലെ വിദ്യാർത്ഥികളും പങ്കെടുത്തു.