16-bala

തിരുവനന്തപുരം : വസ്തുതകൾ വളച്ചൊടിക്കാതെ നേരിന്റെ പക്ഷംചേർന്ന് നിർഭയമായി വാർത്തകൾ നൽകിയ പത്രാധിപരായിരുന്നു കെ. ബാലകൃഷ്ണനെന്ന് മുതിർന്ന ആർ.എസ്.പി നേതാവ് ടി.ജെ. ചന്ദ്രചൂഡൻ പറഞ്ഞു. കെ. ബാലകൃഷ്ണന്റെ 35-ാം ചരമവാർഷിക ദിനത്തിൽ പേട്ട യംഗ്സ്റ്റേഴ്സ് ക്ലബിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിവുള്ളവരെ കൈപിടിച്ചുയർത്താൻ നിരന്തരം ശ്രമിച്ച വ്യക്തിയായിരുന്നു ബാലകൃഷ്ണൻ. കൗമുദി വാരികയിൽ എഴുതിത്തെളിഞ്ഞവരാണ് പിന്നീട് പ്രശസ്ത സാഹിത്യകാരൻമാരായി മാറിയത്. പ്രേംനസീറിന്റെയും സത്യന്റെയും ഉള്ളിലെ കലാകാരൻമാരെ തിരിച്ചറിഞ്ഞതും അദ്ദേഹമായിരുന്നു. പത്രപ്രവർത്തകനായും രാഷ്ട്രീയ പ്രവർത്തകനായും ജീവിതം നയിച്ച അപൂർവ വ്യക്തിത്വമായിരുന്നു ബാലകൃഷ്ണനെന്നും ചന്ദ്രചൂഡൻ അനുസ്മരിച്ചു. സ്വാധീനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത വ്യക്തിയായിരുന്നു ബാലകൃഷ്ണനെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തലമുറകൾക്ക് മാർഗദീപമായ കെ. ബാലകൃഷ്ണൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും ചലച്ചിത്ര നിരൂപകനെന്ന നിലയിൽ അദ്ദേഹം തിരക്കഥാകൃത്തുക്കൾക്ക് വഴികാട്ടിയായിരുന്നുവെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ പറഞ്ഞു.

മാറിമാറിവരുന്ന ഇടത് - വലത് സർക്കാരുകൾ കെ. ബാലകൃഷ്ണനെ ബോധപൂർവം മറക്കുകയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു പുരസ്കാരം ഏർപ്പെടുത്താനോ സ്മാരകം നിർമ്മിക്കാനോ തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്നും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയംനേടിയ ആർഷയ്ക്ക് ക്ലബിന്റെ ഉപഹാരം മന്ത്രി സമ്മാനിച്ചു. ക്ലബ് അംഗം കെ.ജി. സുരേഷ് ബാബു സ്വാഗതവും സെക്രട്ടറി ഡി. കുട്ടപ്പൻ നന്ദിയും പറഞ്ഞു.