തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന പരീക്ഷകളെക്കുറിച്ചും ഇടതുസർക്കാർ വന്ന ശേഷമുണ്ടായ മൂന്ന് വർഷത്തെ പി.എസ്.സി നിയമനങ്ങളെപ്പറ്റിയും സി.ബി.ഐ അന്വേഷിക്കണമെന്ന് എൻ.ഡി.എ നേതൃയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുയർത്തി 26ന് സെക്രട്ടേറിയറ്റിലേക്ക് കാൽലക്ഷം പേർ പങ്കെടുക്കുന്ന മാർച്ച് നടത്തുമെന്ന് എൻ.ഡി.എ കൺവീനർ പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്ന് വർഷത്തെ നിയമനങ്ങളും യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷകളും അന്വേഷണത്തിന് വിധേയമാക്കിയാൽ തങ്ങളുടെ കൈവശമുള്ള തെളിവുകൾ നൽകാം. വർഷങ്ങളായി പരിശീലനക്ലാസിൽ പഠിച്ച് പി.എസ്.സി പരീക്ഷ നന്നായി എഴുതുന്നവർക്ക് പോലും ജയിക്കാനാവാത്തിടത്താണ് ക്ലാസ്സിൽ കയറാത്ത എസ്.എഫ്.ഐ നേതാക്കൾ റാങ്ക് പട്ടികയിൽ ഒന്നാമതെത്തുന്നത്. അമ്പെയ്ത്തിന്റെ പേരിൽ കായികമികവിനുള്ള അധികമാർക്ക് നേടിയ ശിവരഞ്ജിത്തിന് അമ്പോ വില്ലോ എന്താണെന്നറിയില്ല. ലൈബ്രറി സയൻസിന്റെ ചോദ്യപ്പേപ്പർ തയ്യാറാക്കിയ സി.പി.എം അനുഭാവിയായ ഗസ്റ്റ് അദ്ധ്യാപകനും അതേ പി.എസ്.സി പരീക്ഷയെഴുതിയിട്ടുണ്ട്.
സി.ബി.ഐ.അന്വേഷണത്തിന് സർക്കാരിന് നിർദ്ദേശം നൽകണമെന്നഭ്യർത്ഥിച്ചും യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങൾ വിശദീകരിച്ചും എൻ.ഡി.എ നേതാക്കൾ ഗവർണ്ണർ പി.സദാശിവത്തെ കണ്ടു. കൺവീനർ പി.കെ. കൃഷ്ണദാസ്, ഒ.രാജഗോപാൽ എം.എൽ.എ, എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ, സോമശേഖരൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവരാണ് ഗവർണറെ കാണാനെത്തിയത്. സമരം ശക്തമാക്കാൻ ഇന്നലെ ചേർന്ന ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ യോഗവും തീരുമാനിച്ചു.