ktrelephant

കാട്ടാക്കട: ശാസ്‌താംകോട്ട ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കോട്ടൂരിൽ എത്തിച്ച നീലകണ്ഠന് ഇനി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ സുഖ ചികിത്സ. കോടതി ഉത്തരവിൻ പ്രകാരമാണ് നീലകണ്ഠനെ ഇവിടെ എത്തിച്ചത്. വൈകിട്ടോടെ എത്തിയ നീലകണ്ഠൻ പരിചാരകരുടെ നിർദ്ദേശങ്ങൾ പാലിച്ചു തുടങ്ങി. ഇരുനൂറോളം ഉത്സവങ്ങൾക്ക് എഴുന്നള്ളിയ നീലകണ്ഠൻ കാലിലെ ഗുരുതര പരിക്ക് കാരണം ദുരിതം നേരിടുകയാണ്. മുൻവശത്തെ ഇടതു കാൽ മുട്ട് മടക്കാൻ കഴിയില്ല. കാൽപ്പാദം മടങ്ങാത്തതിനാൽ കാലിൽ നീരുണ്ട്. ആദ്യമായി കാണുന്ന സ്ഥലമായതിനാൽ തുമ്പികൈ നീട്ടി മുന്നിലെ വഴി സ്പർശിച്ച് ശ്രദ്ധാപൂർവമാണ് മുന്നോട്ടു പോകുന്നത്. അസ്വാഭികമായി എന്തെങ്കിലും കണ്ടാൽ അവൻ അവിടെ നിൽക്കും. ഉടൻ രണ്ടാം പാപ്പാൻ മനീഷിന്റെ നിർദ്ദേശം വന്നാൽ പരിസരം ശ്രദ്ധിച്ച് അവൻ വീണ്ടും നടന്നു തുടങ്ങും. ഈ കാഴ്ച ഏവരുടെയും ഹൃദയം തകർക്കുന്നതാണ്.

നിലവിലെ അവസ്ഥയിൽ നിന്ന് നീലകണ്ഠനെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ചീഫ് വെറ്ററിനറി ഡോക്ടർ ഈശ്വരനും സംഘവും. നീലകണ്ഠന് പ്രത്യേക താമസ സ്ഥലമൊരുക്കി സ്വതന്ത്രനാക്കിയാണ് നിറുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് കൊല്ലം എ.സി.എഫ് ഹീരാ ലാൽ, റേഞ്ച് ഓഫീസർ ബാബുരാജ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കോട്ടൂരിൽ എത്തിച്ചത്. ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത് കുമാർ, ഡെപ്യൂട്ടി വാർഡൻ അനിൽകുമാർ, ചീഫ് വെറ്ററിനറി ഡോക്ടർ ഈശ്വരൻ, ദേവസ്വം വെറ്ററിനറി ഡോക്ടർ ശശീന്ദ്ര ദേവ്, ഡോക്ടർമാരായ ആനന്ദ്, ശ്യാം എന്നിവർ ചേർന്നു നീലകണ്ഠനെ ഏറ്റുവാങ്ങി. ദേവസ്വം ബോർഡിന്റെ ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വർഷങ്ങൾക്കു മുൻപ് നടക്കിരുത്തിയ നീലകണ്ഠന് കാലിനു പരിക്കേറ്റപ്പോൾ മുതൽ കൃത്യമായ ചികിത്സ നൽകാതെ ചങ്ങലക്കിടുകയും തുടർന്ന് ആരോഗ്യനില മോശമാവുകയും ചെയ്തിരുന്നു. നീലകണ്ഠന്റെ ദുരിത വാർത്ത പുറത്തു വന്നതോടെ ആന പ്രേമികൾ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്നാണ് കോട്ടൂരിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.