kerala-police

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ദുഷ്പ്രവണതകൾ അവസാനിപ്പിക്കാൻ എസ്.എഫ്.ഐ മുൻകൈയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം ദൗർഭാഗ്യകരമാണ്. അതിനെ എസ്.എഫ്‌.ഐ ന്യായീകരിക്കില്ല. അക്രമം നടത്തുന്നവർക്ക് സംഘടനയിൽ നിൽക്കാനാവില്ല. പൊലീസിനെ ആക്രമിച്ച നസീമിനെതിരെ സംഘടനാ നടപടി സ്വീകരിച്ചിരുന്നു. ആവർത്തിച്ച് തിരുത്താൻ ആവശ്യപ്പെട്ടു. കുത്തേറ്റ അഖിലും ശിവരഞ്ജിത്തും തമ്മിലുള്ള പ്രശ്നത്തിന്റെ അടിസ്ഥാനം പൊലീസ് അന്വേഷിക്കട്ടെ. അത് രാഷ്ട്രീയമാണെങ്കിൽ എസ്.എഫ്‌.ഐ മറുപടി പറയും. മറ്റു വിദ്യാർത്ഥി സംഘടനകൾക്ക് യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിക്കുന്നത് സ്വതന്ത്രമായി തീരുമാനിക്കാം. സംഘടനകളെ കായികമായി നേരിടുന്ന രീതി എസ്.എഫ്‌.ഐക്കില്ല. ആരെയും വിലക്കില്ല. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനെ അക്രമങ്ങളുടെ കേന്ദ്രമാക്കുന്നെങ്കിൽ പൊലീസ് നടപടിയെടുക്കണം. കോളേജ് വിട്ടവർ വീണ്ടും കാമ്പസിൽ വരുന്നത് പരിശോധിക്കണം.
സംഘടനയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്. അതുകൊണ്ട് എസ്.എഫ്‌.ഐയുടെ കരുത്ത് ചോർന്നെന്ന് ആരും കരുതേണ്ട. മറ്റ് വിദ്യാർത്ഥി സംഘടനകൾ ലക്ഷ്യമിടുന്നത് എസ്.എഫ്‌.ഐയെ തകർക്കാനാണ്. എസ്.എഫ്‌.ഐയുടെ അക്രമത്തിൽ ഒരു കലാലയത്തിലും ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്നും സച്ചിൻദേവ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷും സംബന്ധിച്ചു.