chandrayaan-2

തിരുവനന്തപുരം: ജി.എസ്.എൽ.വി.റോക്കറ്റിലെ ചെറിയ സാങ്കേതിക പിഴവ് മൂലം മാറ്റിവയ്ക്കേണ്ടിവന്ന ചന്ദ്രയാൻ 2 വിക്ഷേപണം വീണ്ടും നടത്തുന്ന ദിവസം ഇന്ന് തീരുമാനിച്ചേക്കും.

15 ന് പുലർച്ചെ 2.51ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം റോക്കറ്റിന്റെ ക്രയോജനിക് ഭാഗത്തെ ദ്രവീകൃത ഒാക്സിജൻ ടാങ്കിന് മുകളിലുള്ള ഹീലയം അറയിലുണ്ടായ ചോർച്ചയെ തുടർന്നാണ് മാറ്റിവച്ചത്. ഹീലയം അറിയിലെ മർദ്ദം പൊടുന്നനെ കുറഞ്ഞതാണ് ആശങ്കയ്‌ക്കിയത്. തുടക്കത്തിൽ ഉയർന്ന മർദ്ദം ( 350 ബാർ ) പെട്ടെന്ന് താഴേക്ക് പോകുകയായിരുന്നു. ഇത് ചോർച്ചയുണ്ടെന്ന സംശയത്തിനിടയാക്കി. ചോർച്ചയുടെ കാരണം കണ്ടുപിടിച്ചെങ്കിലും അത് റോക്കറ്റ് ഇപ്പോൾ സ്ഥിതിചെയ്യുന്ന ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിലെ സ്റ്റാൻഡിൽ വെച്ച് തന്നെ റിപ്പയർ ചെയ്യാനാകുമോയെന്നാണ് പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് ഇന്ന് ലഭിക്കും. അതിനെ അടിസ്ഥാനമാക്കിയായിരിക്കും വിക്ഷേപണത്തീയതി നിശ്ചയിക്കുക.

കൗണ്ട്ഡൗൺ അവസാന ഘട്ടം വരെ എത്തിയ ശേഷം വിക്ഷേപണം മാറ്റിയതിനാൽ ഉപഗ്രഹവും റോക്കറ്റിലെ ഖരഇന്ധന സ്ട്രാപ് ഓൺ മോട്ടോറുകളും വിക്ഷേപണത്തിന് ഒരുക്കിയ നിലയിലാണ്. ഇത് അത്തരത്തിൽ അധികകാലം സൂക്ഷിക്കാനാകില്ല. സൂക്ഷിക്കുന്നത് ഉപഗ്രഹത്തിന്റെ ആയുസ് കുറയ്ക്കുമോയെന്ന് ആശങ്കയുണ്ട്. മാത്രമല്ല വിക്ഷേപണത്തിന് അനുയോജ്യമായ സാഹചര്യമൊരുക്കുന്നതും നിർണായകമാണ്. നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റോക്കറ്റ് വിക്ഷേപണം നടത്തുന്നത്. ഇതെല്ലാം പരിഗണിച്ച് ഇൗ മാസം തന്നെ ചന്ദ്രയാൻ 2 വിക്ഷേപിക്കണമെന്ന നിലപാടിലാണ് ശാസ്ത്രജ്ഞർ. റോക്കറ്റിലെ പിഴവ് സങ്കീർണമാണെങ്കിൽ വിക്ഷേപണ തീയതി നീണ്ടുപോയേക്കാം.