തിരുവനന്തപുരം: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർക്ക് വീഴ്ച പറ്റയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പീരുമേട് സബ് ജയിലിലെ മൂന്ന് ജീവനക്കാർക്കെതിരെ നടപടി. ജയിൽ സൂപ്രണ്ട് അനിൽകുമാറിനെ സ്ഥലം മാറ്റാനും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ബാസ്റ്റിൻ ബോസ്‌കോയെ സസ്‌പെന്റ് ചെയ്യാനും ജയിൽ മേധാവി ഋഷിരാജ് സിംഗ് ഉത്തരവിട്ടു. ജോലിയിൽ വീഴ്ച വരുത്തിയ താത്കാലിക ജീവനക്കാരൻ സുഭാഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജയിൽ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച സംബന്ധിച്ച് കൂടുതൽ അന്വേഷിക്കാൻ ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് അജയകുമാറിനെ ചുമതലപ്പെടുത്തി. മാവേലിക്കര സബ്‌ജയിലിൽ എം.ജെ ജേക്കബ് എന്ന തടവുകാരൻ മരിച്ച സംഭവത്തിൽ പ്രിസൺ ഓഫീസർ സുജിത്തിനെ സസ്‌പെന്റ് ചെയ്തു.
പീരുമേട് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി സാം തങ്കയ്യന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേർക്കെതിരെ നടപടി. റിമാൻഡ് പ്രതിയായിരുന്ന രാജ്കുമാർ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ മൂവർക്കും വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ജയിലിൽ എത്തിച്ച രാജ്കുമാറിനെ 36 മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ഇക്കാരണത്താലാണ് ജയിൽ സൂപ്രണ്ടിനെ സ്ഥലമം മാറ്റാൻ തീരുമാനിച്ചത്.
അവശനായ പ്രതിയെ ആശിപത്രയിലെത്തിക്കാതെ ജയിലിൽ എത്തിക്കുകയും അവശനാണെന്ന കാര്യം ബസ്റ്റൻ ബോസ്‌കോ ആ സമയത്ത് ജയിൽ സൂപ്രണ്ടിന് റിപ്പോർട്ടും ചെയ്തിട്ടില്ല. ഈ വീഴ്ചകൾ കണക്കിലെടുത്താണ് ഇയാളെ സസ്‌പെന്റ് ചെയ്തത്. പിരിച്ചുവിടപ്പെട്ട താത്കാലിക ജീവനക്കാരനായ സുഭാഷിനായിരുന്നു രാജ്കുമാറിനെ പാർപ്പിച്ചിരുന്ന ബ്ലോക്കിന്റെ ചുമതല. രാജ്കുമാറിന്റെ അവസ്ഥ മോശമാണെന്നത് ഇയാൾ റിപ്പോർട്ട് ചെയ്യുകയോ അടുത്ത ദിവസം രാവിലെ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാവേലിക്കര ജയിലിൽ കുമരകം സ്വദേശിയായ എം.ജെ ജേക്കബ് മരിച്ചതുമായി ബന്ധപ്പട്ടാണ് സുജിത്തിനെ സസ്‌പെന്റ് ചെയ്തത്. ദേഹപരിശോധന നടത്തിയ സമയത്ത് മോശം പെരുമാറ്റമാറ്റമാണ് സുജിത്തിൽ നിന്നുണ്ടായതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജയിൽ ഡി.ഐ.ജി എസ്.സന്തോഷ് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.