cow

തിരുവനന്തപുരം: തീറ്റ വിലയിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധന ക്ഷീരകർഷകരുടെ നടുവൊടിക്കുന്നു. സർക്കാർ സ്ഥാപനമായ കേരളഫീഡ്സ് ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയ്ക്ക് 50 കിലോയുടെ ചാക്കൊന്നിന് ഈ ആഴ്ച 87 മുതൽ 105 രൂപ വരെ വർദ്ധിച്ചു. ഇതിന്റെ ചുവടു പിടിച്ച് മിൽമയുടെയും തീറ്റവില വർദ്ധിക്കുകയാണ്. സ്വകാര്യ കമ്പനികൾ നേരത്തേതന്നെ വിലകൂട്ടിയിരുന്നു. പാലിന് വില എത്ര കൂട്ടിയാലും തീറ്റ വിലയിലുണ്ടാകുന്ന വർദ്ധന കാരണം ക്ഷീര കർഷകന് പ്രയോജനം ലഭിക്കുന്നില്ലെന്ന ആക്ഷേപം കാലങ്ങളായി നിലനില്ക്കുമ്പോഴും ഇവരെ സഹായിക്കുന്നതിന് യാതൊരു സംവിധാനങ്ങളും സർക്കാർ നടപ്പാക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒരു ലിറ്റർ പാലുത്പാദിപ്പിക്കുന്നതിന് ശരാശരി 52 രൂപ ചെലവുവരുന്നുണ്ടെന്ന് ക്ഷീര കർഷകർ പറയുന്നു.
മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 4.5 മി.ലിറ്ററും എസ്.എൻ.എഫ് 8.5 ഉം ലഭിക്കുന്ന പാലിന് 40 രൂപ ലിറ്ററിന് ലഭിക്കുമെന്നാണ് കണക്ക്. പാലിന്റെ കൊഴുപ്പിലും, എസ്.എൻ.എഫിലുമുള്ള വ്യത്യാസമനുസരിച്ച് വില താഴേക്ക് വരും. മഴക്കാലത്ത് എസ്.എൻ.എഫ് കൂടുന്നതോടെ പാൽ വില കുറയും. ഒരു ലിറ്റർ പാലിന് ശരാശരി 32 -35 രൂപ മാത്രമാണ്‌ സാധാരണ കർഷകന് ലഭിക്കുന്നത്. എന്നാൽ ഇതേ പാൽ തന്നെ കൊഴുപ്പ് നീക്കി സംസ്കരിച്ച് വിൽക്കുമ്പോൾ ലിറ്ററിന് 44 രൂപയാണ് മിൽമ ഈടാക്കുന്നത്.

ക്ഷീര സംഘത്തിൽ മാസത്തിൽ കുറഞ്ഞത് 65 ലിറ്റർ പാൽ അളക്കുന്ന കർഷകന് തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കുമെന്ന് മിൽമ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാർച്ചിൽ മാത്രമാണ് ഇത് കിട്ടിയത്. വേനൽക്കാലത്ത് ഓരോ ലിറ്റർ പാലിനും ഒരു രൂപ വീതം ഇൻസെന്റീവ് നൽകിയിരുന്നത് പ്രളയത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.

നെൽക്കൃഷി കുറഞ്ഞതോടെ വയ്ക്കോൽ തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്. എള്ളിൻ പിണ്ണാക്ക്, പരുത്തിക്കുരു, പരുത്തിപ്പിണ്ണാക്ക്, തവിട് തുടങ്ങിയവയുടെ വിലയിലും അനിയന്ത്രിതമായ വർദ്ധനയാണ്. സർക്കാർ തലത്തിൽ ക്ഷീര മേഖലയെ സഹായിക്കാനായി ക്രിയാത്മകമായ നടപടികൾ ഉടനുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.


തീറ്റവിലയിൽ ഇന്നലെ ഉണ്ടായ വർദ്ധന (ചാക്കൊന്നിന്) : പുതിയ വില (ബ്രാക്കറ്റിൽ കഴിഞ്ഞ മാസത്തെ വില )

കേരള ഫീഡ്സ് റിച്ച് - 1195 (1108 )
കേരള ഫീഡ്സ് മിടുക്കി - 1220 (1125 )
കേരള ഫീഡ്സ് എലൈറ്റ് - 1300 (1195 )

അസംസ്കൃത സാധനങ്ങളുടെ വിലവർദ്ധനയും ഇവ കിട്ടാനില്ലാത്ത അവസ്ഥയും തീറ്റയുടെ വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.

ഡോ. ബി. ശ്രീകുമാർ
മാനേജിംഗ് ഡയറക്ടർ, കേരളഫീഡ്സ്

ഭീമമായ തീറ്റ വിലവർദ്ധന ഒഴിവാക്കിയോ, പാൽ വില വർദ്ധിപ്പിക്കുകയോ ചെയ്ത് ക്ഷീരകർഷകരെ സഹായിക്കണം.

ജെ. ജോസ് ഫ്രാങ്ക്ളിൻ

സംസ്ഥാന ജനറൽ സെക്രട്ടറി,​ ക്ഷീര കർഷക കോൺഗ്രസ്