indian-coach
indian coach

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകരെത്തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു

ഹെഡ് കോച്ച്, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീൽഡിംഗ് കോച്ച്, സൈക്കോതെറാപ്പിസ്റ്റ്, സ്ട്രംഗ്ത് ആൻഡ് കണ്ടിഷനിംഗ് കോച്ച്, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എന്നീ തസ്തികകളിലേക്കാണ് നിയമനം.

ലോകകപ്പോടെ രവിശാസ്ത്രിയുടെ നേതൃത്വത്തിലുള്ള കോച്ചിംഗ് സ്റ്റാഫിന്റെ കരാർ അവസാനിച്ചിരുന്നു. ഇവർക്ക് പകരക്കാരെയാണ് ബി.സി.സി.ഐ തേടുന്നത്. അതേസമയം അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ശാസ്ത്രിയും സംഘവും തുടരും. 45 ദിവസത്തേക്കാണ് ഇവർക്ക് കരാർ നീട്ടി നൽകിയിരിക്കുന്നത്.

നിർദ്ദിഷ്ട യോഗ്യതകൾ

2017ൽ പരിശീലകനെ അന്വേഷിച്ചിറങ്ങിയപ്പോൾ ബി.സി.സി.ഐ ഒൻപത് യോഗ്യതകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ മൂന്ന് നിർദ്ദിഷ്ട യോഗ്യതകൾ മാത്രമേയുള്ളൂ.

1. മുഖ്യ പരിശീലകനായി അപേക്ഷിക്കുന്നയാൾക്ക് ഒരു ടെസ്റ്റ് ടീമിനെ രണ്ടുവർഷമെങ്കിലും പരിശീലിപ്പിച്ച പരിചയ സമ്പത്തുണ്ടാകണം. ഐ.സി.സി അസോസിയേറ്റ് രാജ്യത്തെയോ, ഐ.പി.എൽ ടീമിനെയോ എ ടീമുകളെയോ മൂന്ന് വർഷം പരിശീലിപ്പിച്ച് പരിചയമുള്ളവർക്കും അപേക്ഷിക്കാം.

2. 30 ടെസ്റ്റുകളോ 50 ഏകദിനങ്ങളോ കളിച്ചയാളായിരിക്കണം മുഖ്യപരിശീലകൻ. ബാറ്റിംഗ്, ബൗളിംഗ്, ഷീൽഡിംഗ് പരിശീലകർ 10 ടെസ്റ്റുകളോ 25 ഏകദിനങ്ങളോ എങ്കിലും കളിച്ചിരിക്കണം.

3. 60 വയസിൽ താഴെയുള്ളവർ മാത്രം മേല്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിച്ചാൽ മതി. അവസാന തീയതി : ജൂലായ് 30

നിലവിലെ കോച്ചിംഗ് സ്റ്റാഫ്

രവിശാസ്ത്രിയാണ് 2017 മുതലുള്ള മുഖ്യപരിശീലകൻ

ബൗളിംഗ് കോച്ച് ബി. അരുണും ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറും. ആർ. ശ്രീധർ ഫീൽഡിംഗ് കോച്ച്.

ഈ നാലുപേർക്കുമാണ് കരീബിയൻ പര്യടനത്തിലേക്ക് കൂടി കരാർ നീട്ടി നൽകിയത്.

ലോകകപ്പിനു ശേഷം പിരിഞ്ഞ ട്രെയിനർ ശങ്കർ ബസുവിനും ഫിസിയോ പാട്രിക് ഫർഹത്തിനും പകരക്കാർ കരീബിയൻ പര്യടനത്തിൽ ഉണ്ടാകാൻ ഇടയില്ല.

എൻ.ബി

നിലവിലെ പരിശീലക സംഘത്തിലുള്ളവർ പുതിയ അപേക്ഷ നൽകേണ്ടതില്ല. തിരഞ്ഞെടുപ്പ് സമയത്ത് അവരെയും പരിഗണിക്കും.

ആഗസ്റ്റ് മൂന്ന് മുതൽ സെപ്തംബർ മൂന്ന് വരെയാണ് ഇന്ത്യയുടെ കരീബിയൻ പര്യടനം.

സെപ്തംബർ 15 മുതൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ പുതിയ ഹോം സീസണിന് തുടക്കമാകുന്നത്.

ശാസ്ത്രീയ പരിശീലനം

2017ൽ വിരാട് കൊഹ്‌ലിയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് അനിൽ കുംബ്ളെയ്ക്ക് രാജിവയ്ക്കേണ്ടി വന്നപ്പോഴാണ് രവിശാസ്ത്രി മുഖ്യപരിശീലകനായത്.

57കാരനായ ശാസ്ത്രി 2014 ആഗസ്റ്റ് മുതൽ 2016 ജൂൺ വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായിരുന്നു.

ഈ കാലയളവിൽ നടന്ന ഒരു ഐ.സി.സി ടൂർണമെന്റിലും ഇന്ത്യയെ ജേതാക്കളാക്കാൻ ശാസ്ത്രിക്ക് കഴിഞ്ഞില്ല.

അതേസമയം, ഈ വർഷമാദ്യം ആസ്ട്രേലിയയിൽ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടാൻ കഴിഞ്ഞു.

വിരാട് കൊഹ്‌ലിയുമായുള്ള ഊഷ്മള ബന്ധമാണ് ശാസ്‌ത്രിക്ക് വലിയ വെല്ലുവിളികൾ ഇല്ലാതാക്കിയത്.

ഉപദേശകസമിതി എന്നുവരും?

ബി.സി.സി.ഐ നിയമമനുസരിച്ച് ക്രിക്കറ്റ് അഡ്വൈസറി ബോർഡാണ് ഇന്ത്യൻ സീനിയർ ടീമുകളുടെ പരിശീലകരെയും സെലക്ടർമാരെയും തിരഞ്ഞെടുക്കേണ്ടത്. മുൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരായിരുന്നു ഉപദേശക സമിതി അംഗങ്ങൾ. എന്നാൽ, കഴിഞ്ഞ ഐ.പി.എൽ സീസണിൽ ഭിന്ന താത്പര്യ പ്രശ്നം ഉയരുമെന്നായപ്പോൾ സച്ചിനും ഗാംഗുലിയും ഉപദേശക സമിതി അംഗത്വം രാജിവച്ചു. വി.വി.എസ്. ലക്ഷ്മൺ രാജിവച്ചില്ലെങ്കിലും ഭിന്ന താത്പര്യ നിയമം ബാധകമാണെന്ന് നിയമോപദേശം ലഭിച്ചിരിക്കുകയാണ്. അതിനാൽ പുതിയ പരിശീലക സംഘത്തെ നിയമിക്കുന്നതിനു മുമ്പ് ഉപദേശക സമിതി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്.

അല്ലെങ്കിൽ താത്കാലിക ഉപദേശക സമിതിയെങ്കിലും സംഘടിപ്പിക്കണം. നേരത്തേ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ചിനെ തിരഞ്ഞെടുക്കാൻ കപിൽദേവിന്റെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റിയെയാണ് നിയോഗിച്ചിരുന്നത്.