england-cricket-team
england cricket team

ലോക കപ്പ് ജേതാക്കളായ ഇംഗ്ളീഷ് ടീമിൽ ഇംഗ്ളണ്ടുകാർ മാത്രമല്ല, ഉള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ളവരുടെ മിശ്രണമാണ് ഈ പുതിയ ലോക ചാമ്പ്യന്മാർ. എന്തിനേറെ പറയുന്നു, ഇംഗ്ളണ്ടിനെ നയിക്കുന്നത് ഇംഗ്ളീഷുകാരനല്ല, അയർലൻഡുകാരനായ ഇയോൻ മോർഗനാണ്. ഫൈനൽ മറികടന്ന ബെൻസ്റ്റോക്സ് ന്യൂസിലൻഡിൽ ജനിച്ചു വളർന്നയാളാണ്. കരീബിയൻ, പാക് വംശവേരുകളുള്ള കളിക്കാരും ഇംഗ്ളീഷ് ടീമിലുണ്ട്. ഇംഗ്ളീഷ് ടീമിലെ മറ്റു രാജ്യക്കാരെക്കുറിച്ച്

ഇയോൻ മോർഗൻ

2003 മുതൽ 2009 വരെ അയർലൻഡിനു വേണ്ടി കളിച്ചിരുന്ന ഇയോൻ മോർഗൻ അയർലൻഡിലെ ഡബ്ളിനിലാണ് ജനിച്ചതും വളർന്നതും. 23 ഏകദിനങ്ങൾ അയർലൻഡിനു വേണ്ടി കളിച്ചു. 2007 ലോകകപ്പിൽ കളിച്ചത് ഐറിഷ് കുപ്പായത്തിലായിരുന്നു. 2009ലാണ് ഇംഗ്ളണ്ടിനു വേണ്ടി കളിച്ചു തുടങ്ങിയത്. രണ്ട് രാജ്യങ്ങൾക്കു വേണ്ടി ഏകദിനത്തിൽ സെഞ്ച്വറി നേടിയ ആദ്യതാരമാണ് മോർഗാൻ. കഴിഞ്ഞ ലോകകപ്പിലും ഇംഗ്ളണ്ടിനെ നയിച്ചത് മോർഗനാണ്.

ബെൻസ്റ്റോക്സ്

ഫൈനലിലെ മാൻ ഒഫ് ദ മാച്ചായ ബെൻ സ്റ്റോക്സ് ജനിച്ചത് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ. 12-ാം വയസ്സിലാണ് ഇംഗ്ളണ്ടിലേക്കെത്തിയതും ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതും. റഗ്ബി കളിക്കാരനും പരിശീലകനുമായിരുന്ന പിതാവ് ജെറാഡ് സ്റ്റോക്സ് ഇംഗ്ളണ്ടിലേക്ക് കുടിയേറിയപ്പോഴാണ് സ്റ്റോക്സും എത്തിയത്. ജെറാഡ് ഇപ്പോൾ ന്യൂസിലൻഡിലെ ഒരു റഗ്ബി ടീമിന്റെ പരിശീലകനാണെന്നത് മറ്റൊരു കൗതുകം.

ജൊഫ്ര ആർച്ചർ

കരീബിയൻ ദ്വീപുകളിലൊന്നായ ബാർബഡോസിൽ ജനിച്ച ആർച്ചർക്ക് ലോകകപ്പിൽ ഇംഗ്ളണ്ടിന് കളിക്കാൻ വേണ്ടിയാണ് ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ് നിയമത്തിൽ മാറ്റം വരുത്താൻ പോലും തയ്യാറായത്. ഏഴ് വർഷമെങ്കിലും ഇംഗ്ളണ്ടിൽ താമസിച്ചിട്ടുള്ളവർക്ക് മാത്രമെ ഇംഗ്ളീഷ് ടീമിൽ അവസരം നൽകാൻ നിയമമുണ്ടായിരുന്നുള്ളൂ. ഇതിലാണ് മാറ്റം വരുത്തിയത്. വെസ്റ്റ് ഇൻഡീസിനു വേണ്ടി അണ്ടർ 19 തലത്തിൽ ആർച്ചർ കളിച്ചിട്ടുണ്ട്.

ജാസൺ റോയ്

ഫൈനലിലെ അവസാന പന്തിലെ കിടിലൻ ത്രോയിലൂടെ ഗപ്ടിലിനെ റൺ ഔട്ടാക്കിയ ജാസൺ റോയ് ജനിച്ചത് ദക്ഷിണാഫ്രിക്കയിലാണ്.

ആദിൽ റഷീദ്, മൊയീൻ അലി

പാകിസ്ഥാൻ വംശജരാണ് ഇംഗ്ളീഷ് ടീമിലെ സ്പിന്നർമാരായ ആദിൽ റഷീദും മൊയീൻ അലിയും.

''ഈ വൈവിധ്യമാണ് ഇംഗ്ളീഷ് ടീമിന്റെ ഒത്തൊരുമയ്ക്ക് കാരണം. വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും ജനിച്ച് ജീവിച്ചവർ ഒരു കുടുംബമായാണ് കഴിയുന്നത്."

-ഇയോൻ മോർഗൻ.

വിജയാഘോഷത്തിൽ ഇംഗ്ളണ്ട്

രണ്ടുതവണ ഫൈനലിൽ വഴുതിപ്പോയ കിരീടം ആദ്യമായി നേടിയ ഇംഗ്ളീഷ് ടീം ആഘോഷ ലഹരി അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഓവൽ സ്റ്റേഡിയത്തിൽ പ്രത്യേക ആഘോഷച്ചടങ്ങ് സംഘടിപ്പിച്ചു. ലോകകപ്പുമായി പ്രധാനമന്ത്രി തെരേസ മേയെയും ടീം സന്ദർശിച്ചു.