ന്യൂഡൽഹി : ലോകകപ്പിലെ തന്റെ ഡ്രീം ഇലവനെ സച്ചിൻ ടെൻഡുൽക്കർ തിരഞ്ഞെടുത്തപ്പോൾ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിക്ക് സ്ഥാനമില്ല. അഞ്ച് ഇന്ത്യൻ താരങ്ങളെ ഇലവനിൽ ഉൾപ്പെടുത്തിയിട്ടും ധോണിയെ പരിഗണിക്കാൻ സച്ചിൻ തയ്യാറായില്ല.
ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ധോണിക്ക് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ സച്ചിൻ നിശിതമായി വിമർശിച്ചിരുന്നു. പിന്നീട് സെമിഫൈനലിൽ ധോണിയുടെ ബാറ്റിംഗിനെ അനുമോദിക്കാൻ സച്ചിൻ തയ്യാറായിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലെ ധോണിയുടെ പ്രകടനവും ഡ്രീം ഇലവനെ തിരഞ്ഞെടുത്തപ്പോൾ സച്ചിനെ പ്രേരിപ്പിച്ചില്ല. ഇംഗ്ളീഷ് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയെയാണ് സച്ചിൻ പരിഗണിച്ചത്.
സച്ചിന്റെ ഡ്രീം ഇലവൻ
രോഹിത് ശർമ്മ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), കേൻ വില്യംസൺ (ക്യാപ്ടൻ), വിരാട് കൊഹ്‌ലി, ഷാക്കിബ് അൽഹസൻ, ബെൻ സ്റ്റോക്സ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചൽ സ്റ്റാർക്ക്, ജൊഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ.
ധോണിയുടെ വിധി
വെള്ളിയാഴ്ചയോ?
മുൻ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണിയുടെ ക്രിക്കറ്റ് കരിയറിനെക്കുറിച്ചുള്ള ബി.സി.സി.ഐയുടെ തീരുമാനം വെള്ളിയാഴ്ച അറിയാം. വെള്ളിയാഴ്ചയാണ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത്. ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിച്ച ധോണി ഇപ്പോൾ ഏകദിനങ്ങളിലും ട്വന്റി-20യിലും മാത്രമാണ് കളിക്കുന്നത്. വിൻഡീസിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20കളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ഇതിൽ ധോണിയെ നിയോഗിക്കണമോ വിക്കറ്റ് കീപ്പർമാരെ പരീക്ഷിക്കണമോ എന്നതാണ് സെലക്ടർമാർക്ക് മുന്നിലുള്ള വെല്ലുവിളി.
ലോകകപ്പിനു ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാൽ, സെമിയിൽ തോറ്റശേഷവും ധോണി ഇതേക്കുറിച്ച് തങ്ങളോട് ഒന്നും ചർച്ച ചെയ്തിട്ടില്ലെന്ന് വിരാട് കൊഹ്‌ലി അടക്കമുള്ളവർ വ്യക്തമാക്കുന്നു.
വിൻഡീസ് പര്യടനത്തിൽ കൊഹ്‌ലി, ബുംറ തുടിയ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും.
എന്നാൽ, ധോണിയുടെ കാര്യത്തിൽ വിശദമായ ആലോചനകൾക്കും താരവുമായുള്ള ചർച്ചകൾക്കും ശേഷമേ തീരുമാനമുണ്ടാകൂ.