തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ ത്രാണിയില്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചു എന്നും ഇതുപോലെ നാണം കെട്ട സമീപനം ഇതിന് മുമ്പൊരു മുഖ്യമന്ത്രിയും സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ രാത്രിയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു സമരപ്പന്തൽ സന്ദർശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ശബരിമലയിൽ മനീതിസംഘം വന്നപ്പോൾ ശരിയായി പൊലീസ് സഹായിച്ചില്ല എന്നും അവരെ ഒറ്റിക്കൊടുത്തു എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എങ്കിൽ ആ പൊലീസുകാർക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് അദ്ദേഹം വ്യക്തമാക്കണം. വിശ്വാസികളെ ചവിട്ടി മെതിച്ചില്ല എന്നാണ് പൊലീസിനെതിരായ ആരോപണം. ഏതായാലും അദ്ദേഹം നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബോദ്ധ്യമായെന്നും ചെന്നിത്തല പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവത്തിൽ ഒന്നാം പ്രതിയുടെ വീട് റെയ്ഡ് ചെയ്യുകയും മാദ്ധ്യമങ്ങളോട് മാന്യമായി പെരുമാറുകയും ചെയ്ത കന്റോൺമെന്റ് എസ്.ഐയെ സ്ഥലംമാറ്റിയെന്നും ഇത് കേസന്വേഷണം അട്ടിമറിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു. സി.പി.എമ്മിന് ഏറ്റവും അടുപ്പമുള്ള എസ്.ഐയെ ആണ് പകരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാർട്ടി താല്പര്യത്തിനനുസരിച്ച് റിപ്പോർട്ട് എഴുതിക്കൊടുത്തില്ലെങ്കിൽ സ്ഥലം മാറ്റും എന്ന സന്ദേശമാണ് ഇത് നൽകുന്നത്. കേസന്വേഷണം അട്ടിമറിക്കുന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. ഈ നിലപാട് അംഗീകരിക്കാനാവില്ല. എന്ത് സന്ദേശമാണിത് നൽകുന്നതെന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം, യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട് റെയ്ഡ് ചെയ്ത കന്റോൺമെന്റ് എസ്.ഐയെ സ്ഥലംമാറ്റിയെന്ന ആരോപണം ശരിയല്ലെന്ന് ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു. മുതിർന്ന എസ്.ഐയായ ഷാഫിയെ കന്റോൺമെന്റിലേക്ക് നിയമിച്ചപ്പോൾ ക്രമസമാധാന ചുമതല നൽകിയതാണ്. ഈ ചുമതലയിലുണ്ടായിരുന്ന എസ്.ഐ ബിനുവിനെ കന്റോൺമെന്റ് സ്റ്റേഷനിൽ എസ്.ഐ-2 ആയി മാറ്റുകയാണുണ്ടായതെന്നും പൊലീസ് നേതൃത്വം അറിയിച്ചു.