തിരുവനന്തപുരം: സംസ്ഥാനതല കായിക മത്സരങ്ങളിൽ പങ്കാളിത്തം മാത്രമുള്ള ഉദ്യോഗാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കില്ലെന്ന് പി.എസ്.സി വ്യക്തമാക്കി. മെഡൽ ജേതാക്കൾക്ക് 1978ലെ സർക്കാർ ഉത്തരവ് അനുസരിച്ചുള്ള നിശ്ചിത മാർക്ക് അനുവദിക്കും.
ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിലെ പങ്കാളിത്തത്തിനും ഗ്രേസ് മാർക്ക് ലഭിക്കും. സർവകലാശാലാ പരിധിയിൽ നടക്കുന്ന സോണൽ മത്സരങ്ങൾക്ക് മാർക്കില്ല. ദേശീയ തലത്തിലുള്ള സോണൽ മത്സരങ്ങൾക്കും അന്തർ സർവകലാശാലാ മത്സരങ്ങൾക്കും മാർക്ക് നൽകും. ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ മെഡൽ ജേതാക്കൾക്ക് പങ്കാളിത്തത്തിനും വിജയത്തിനും പ്രത്യേകം മാർക്ക് അനുവദിക്കുന്ന രീതി തുടരും. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ വിവിധ കാലങ്ങളിൽ പുറത്തിറക്കിയ ഉത്തരവുകൾ സമന്വയിപ്പിച്ചാണ് ഗ്രേസ് മാർക്കിൽ പി.എസ്.സി വ്യക്തത വരുത്തിയത്. ഉപസമിതി നൽകിയ ശുപാർശകളാണ് ചർച്ച ചെയ്ത് ധാരണയിലെത്തിയത്. ഇക്കാര്യം സർക്കാരിനെ അറിയിക്കും.