വെല്ലിംഗ്ടൺ : നിശ്ചിത ഓവറുകൾക്കും സൂപ്പർ ഓവറിനും വേർതിരിക്കാനാവാത്ത ലോകകപ്പ് ഫൈനലിന് ബൗണ്ടറി കെട്ടി ജേതാക്കളെ തിരിച്ചപ്പോൾ ഏറെ സങ്കടപ്പെട്ടത് ന്യൂസിലൻഡ് ക്യാപ്ടൻ കേൻ വില്യംസണാണ്. എന്നാൽതോൽവിയെ വളരെ പക്വതയോടെയാണ് വില്യംസൺ നേരിട്ടത്. റണ്ണർ അപ്പുകൾക്കുള്ള സമ്മാനം വാങ്ങി മടങ്ങുന്നതിനു മുമ്പും നാട്ടിലെത്തിക്കഴിഞ്ഞുമുള്ള പ്രതികരണങ്ങളിൽ തങ്ങൾ തോറ്റിട്ടില്ല എന്നുതന്നെ ഉറപ്പിച്ചു പറയുന്ന വില്യംസൺ പക്ഷേ, ലോകകപ്പിനെക്കുറിച്ച് പരാതികളൊന്നും പറയുന്നില്ല. തങ്ങൾക്ക് അനുകൂലമായി ഉയരുന്ന ആരോപണങ്ങളൊന്നും ഏറ്റുപിടിച്ച് വിവാദമുണ്ടാക്കുന്നുമില്ല. കളിക്കളത്തിൽ എതിരാളികളെ പരിപാകം വന്ന മനസുമായി നേരിടുന്ന കേൻ വില്യംസണിലെ ക്യാപ്ടൻ വിവാദങ്ങളെ ഒഴിവാക്കുന്നതിലും മികച്ചു നിൽക്കുന്നു.
കഴിഞ്ഞ ദിവസം നാട്ടിൽ മടങ്ങിയെത്തിയശേഷം നടത്തിയ പത്രസമ്മേളനത്തിൽ വില്യംസൺ പറഞ്ഞ പ്രധാന കാര്യങ്ങൾ.
''ഫൈനലിൽ ആരും തോറ്റതായി ഞാൻ കരുതുന്നില്ല. ഒടുവിൽ ഇരു ടീമുകളെയും വേർതിരിക്കാൻ കഴിയാത്ത സ്ഥിതി വന്നു. ആരും തോറ്റില്ലെങ്കിൽ കൂടിയും ഒരാളെ കിരീടത്തിനായി തിരഞ്ഞെടുക്കേണ്ടിവന്നു. അത് നിർഭാഗ്യവശാൽ ഞങ്ങളായിരുന്നില്ലെന്ന് മാത്രം."
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാനായി ഭഗീരഥ പ്രയത്നം നടത്തിയ ടീമിന് കപ്പ് കിട്ടിയില്ല എന്നത് ഉൾക്കൊള്ളാൻ വളരെ പ്രയാസമായിരുന്നു. പക്ഷേ, വിധി അംഗീകരിച്ചേ മതിയാകൂ.
വിജയിയെന്നും പരാജിതനെന്നും മാറ്റി നിറുത്താൻ കഴിയാതെ വരുമ്പോൾ ഇരു ടീമുകളും തുല്യമായ തിളക്കം അർഹിക്കുന്നു. പക്ഷേ, നിയമങ്ങൾ ഒരു ടീമിനെ ലോകചാമ്പ്യന്മാരായി പ്രഖ്യാപിക്കാൻ വേണ്ടിയുള്ളതായിരുന്നു. അതിനെ ഇനി ചോദ്യം ചെയ്യുന്നതിൽ ഒരർത്ഥവുമില്ല.