തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെതിരെ വ്യാജസീൽ നിർമ്മാണത്തിനും മോഷണത്തിനും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകൾ മോഷ്ടിച്ചതാണെന്ന് യൂണിവേഴ്സിറ്റി അധികാരികൾ പൊലീസിനെ അറിയിച്ചു. സീലുകൾ വ്യാജമാണെന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറും അറിയിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി പരാതി നൽകിയതോടെ മോഷണത്തിനും വ്യാജരേഖ നിർമ്മാണത്തിനും രണ്ട് പുതിയ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യും. പന്ത്രണ്ട് വർഷത്തിനിടെ ജില്ലാതല മൽസരത്തിൽ പോലും ശിവരഞ്ജിത് പങ്കെടുത്തിട്ടില്ലെന്ന് ആർച്ചറി അസോസിയേഷൻ വ്യക്തമാക്കിയതോടെ സർട്ടിഫിക്കറ്റുകളും വ്യാജമാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ശിവരഞ്ജിത്ത് അമ്പെയ്ത്ത് മൽസരങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും സർട്ടിഫിക്കറ്റിനെ പറ്റി അന്വേഷണം വേണമെന്നും ആർച്ചറി അസോസിയേഷൻ ദേശീയ പ്രസിഡന്റും വ്യക്തമാക്കി. അധിക മാർക്കിനായി പി.എസ്.സിയിൽ നൽകിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് പരിശോധിച്ച്, ആ മൽസരങ്ങളിൽ ശിവരഞ്ജിത്ത് പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് പൊലീസ് നീക്കം.
അതേസമയം, ശിവരഞ്ജിത്തിന്റെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് കേരള സർവകലാശാല വ്യക്തമാക്കി. ഭുവനേശ്വറിൽ നടന്ന അന്തർസർവകലാശാല അമ്പെയ്ത്ത് മത്സരത്തിലും സർവകലാശാല ഹാൻഡ്ബോളിലും ശിവരഞ്ജിത് പങ്കെടുത്തിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് അറിയിച്ചു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കും.