തിരുവനന്തപുരം: പ്രവർത്തന മികവു കാട്ടിയ 239 പൊലീസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഒഫ് ഓണർ ബഹുമതി സമ്മാനിച്ചു. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ് പുരസ്കാരം വിതരണം ചെയ്തത്. മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്ന് 11 പേർ കമന്റേഷൻ സർട്ടിഫിക്കറ്റിന് അർഹരായി. കുറ്റാന്വേഷണമേഖലയിലെ 118 പേർക്കും, ക്രമസമാധാനപാലനത്തിലെ പതിനേഴു പേർക്കും, ഇന്റലിജൻസ് മേഖലയിലെ 35 പേർക്കും, പരിശീലനമികവിന് 13 പേർക്കും ബാഡ്ജ് ഒഫ് ഓണർ ലഭിച്ചു. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ നാലുപേരും, സോഷ്യൽ പൊലീസിംഗ്, സൈബർക്രൈം അന്വേഷണം എന്നീ വിഭാഗത്തിലെ 15 പേരും ആദരവിന് അർഹരായി. ട്രാഫിക് വിഭാഗത്തിലെ നാലുപേരും ഹൈവേ പൊലീസിലെ പതിനൊന്നു പേരും വനിതാ പൊലീസിലേയും, പബ്ലിക് റിലേഷൻസിലെയും, സ്റ്റുഡന്റ് പൊലീസ് കേഡറ്റിലെയും ഓരോരുത്തരും മറ്റ് വിഭാഗങ്ങളിൽനിന്ന് 19 പേരും പുരസ്കാരത്തിന് അർഹരായി.
എ.ഡി.ജി.പിമാരായ അനിൽ കാന്ത്, എസ്. ആനന്ദകൃഷ്ണൻ, ഡോ.ഷേഖ് ദർവേഷ് സാഹേബ്, ടി.കെ.വിനോദ് കുമാർ, മനോജ് എബ്രഹാം, ഐ.ജിമാരായ എസ്.ശ്രീജിത്ത്, അശോക് യാദവ്, പി.വിജയൻ, ഡി.ഐ.ജി മാരായ അനൂപ് കുരുവിള ജോൺ, പി.പ്രകാശ്, എസ്.പി മാരായ ഡോ.ശ്രീനിവാസ്.എ, ഹരിശങ്കർ, കറുപ്പസാമി.ആർ, സുജിത്ത് ദാസ്, ജെ. സുകുമാര പിള്ള എന്നിവരും ബഹുമതിക്ക് അർഹരായി.