തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകളുടെ വിതരണവും ഏകോപനവും തൃപ്തികരമല്ലെന്ന് കണ്ടെത്തിയ ഓഡിറ്ററെ തെറിപ്പിച്ചു. സെന്ററുകളിൽ നിന്ന് ഉത്തരക്കടലാസ് തിരികെ ലഭിക്കുന്നില്ലെന്നും ബാക്കിയുള്ളവയുടെ എണ്ണം സംബന്ധിച്ച് സർവകലാശാലയ്ക്ക് കൃത്യതയില്ലെന്നും റിപ്പോർട്ട് നൽകിയ അനിലിനെയാണ് മാറ്റിയത്. വിദ്യാർത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ആർ.ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തിയിരുന്നു.
പരീക്ഷാ സെന്ററുകളിൽ വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകളിൽ
ബാക്കി വരുന്നത് തിരികെ കിട്ടുന്നില്ലെന്നും ഉപയോഗിച്ചതിന്റെയും ബാക്കി വരുന്നതിന്റെയും കണക്ക് സർവകലാശാലയിൽ ഇല്ലെന്നുമാണ് ആഡിറ്റിംഗിൽ കണ്ടെത്തിയത്. അവസാന പരീക്ഷാദിവസം ഉത്തരക്കടലാസുകൾ സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നാണ് ചട്ടം. എന്നാൽ ഒരു നടപടിയും സർവകലാശാല സ്വീകരിക്കുന്നില്ല. വിതരണം ചെയ്ത ഉത്തരക്കടലാസുകളുടെ എണ്ണം സ്റ്റോറിൽ ലഭ്യമാണ്. പരീക്ഷ കഴിഞ്ഞ് അവശേഷിക്കുന്നവയുടെ എണ്ണത്തിൽ വ്യക്തത ഇല്ല.
2017-18 സാമ്പത്തിക വർഷം പരീക്ഷാ സെന്ററുകളുടെ എണ്ണം 284 ആയിരുന്നു. എത്ര ഉത്തരകടലാസുകൾ എത്ര ഉപയോഗിച്ചു എന്ന സാക്ഷ്യപത്രം 167 സെന്ററിൽനിന്ന് മാത്രമേ ലഭിച്ചിട്ടുള്ളൂ. സ്വാശ്രയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പരീക്ഷാ സെന്ററുകളിൽ ഉത്തരകടലാസ് കെട്ടിക്കിടക്കുന്നത് ഗുരുതര വീഴ്ചയാണ്. ഉത്തരക്കടലാസ് വിതരണം കമ്പ്യൂട്ടർവൽക്കരിക്കാൻ സർവകലാശാല തയാറായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.