തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ അധികാരം പിടിച്ചടക്കാൻ എസ്.എഫ്.ഐ ജില്ലാനേതൃത്വത്തിൽ നടക്കുന്ന കരുനീക്കങ്ങളും കൊലപാതകശ്രമത്തിന് പിന്നിലുണ്ടെന്ന് സൂചന. യൂണിറ്റിന്റെ ചുമതല എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയാ കമ്മിറ്റിയിൽ നിന്ന് പാളയം ഏരിയാ കമ്മിറ്റിയിലേക്ക് കൊണ്ടുവന്നതും പാളയം കമ്മിറ്റിയുടെ നിലപാടുകളോടുള്ള ജില്ലാനേതൃത്വത്തിലെ ചിലരുടെ അസ്വസ്ഥതയുമെല്ലാം സംഭവങ്ങളിൽ നിഴലിക്കുന്നുണ്ട്. പാർട്ടി ജില്ലാ നേതൃത്വം പൂർണമായും ഔദ്യോഗികപക്ഷത്തേക്ക് ചാഞ്ഞപ്പോഴും എസ്.എഫ്.ഐ പാളയം ഏരിയാ കമ്മിറ്റി വി.എസ് ചായ്‌വിലായിരുന്നു. ഇതോടെ ഒരു ഘട്ടത്തിൽ കോളേജ് കമ്മിറ്റിയുടെ നിയന്ത്രണം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നേരിട്ടേറ്റെടുത്തു. അടുത്തകാലത്താണ് പാളയത്തിന് വീണ്ടും കൈമാറിയത്.
യൂണിറ്റിലെ ഒരു വിഭാഗം നേതാക്കളുടെ തന്നിഷ്ടത്തോടെയും വഴിവിട്ടതുമായ പ്രവർത്തനങ്ങൾ തടയുന്നതിലും നിയന്ത്രിക്കുന്നതിലും സംഘടനാചുമതലയുണ്ടായിരുന്ന നേതാവ് വീഴ്ച വരുത്തിയത് പ്രശ്നങ്ങൾ രൂക്ഷമാക്കി. എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയാ മുൻ പ്രസിഡന്റിനെ ഉൾപ്പെടെ കോളേജിൽ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിൽ മുമ്പ് മർദ്ദിച്ചിരുന്നു. ഈ പരാതിയിലും ചുമതലയുള്ള നേതാവ് പക്ഷപാതപരമായാണ് ഇടപെട്ടത്. ഇതിന്റെ ഫലമായി പരാതിക്കാരുൾപ്പെടെ എസ്.എഫ്.ഐ ജില്ലാനേതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതോടെ അവരെ ശാരീരികമായി നേരിടാൻ യൂണിറ്റ് നേതാക്കൾക്ക് അവസരമുണ്ടായി.
ഏഴ് വർഷം മുമ്പാണ് പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗമായി കോളേജ് കമ്മിറ്റിയുടെ ചുമതല വഞ്ചിയൂരിൽ നിന്ന് പാളയം ഏരിയാകമ്മിറ്റിയിലേക്ക് കൈമാറിയത്. പാളയം കമ്മിറ്റിയിൽ നിന്ന് ജില്ലാകമ്മിറ്റി നേരിട്ടേറ്റെടുത്തതോടെയാണ് സ്ഥാനമൊഴിയുന്ന നേതാക്കളിൽ ചിലരും കോളേജിലെ രാഷ്ട്രീയത്തിലിടപെട്ട് തുടങ്ങിയത്.
മാസങ്ങൾക്ക് മുമ്പ് യൂണിറ്റ് ചുമതല വീണ്ടും പാളയം ഏരിയാകമ്മിറ്റിക്ക് കൈമാറിയതോടെ കോളേജിൽ വിലസിനടന്ന നേതാക്കൾക്ക് തിരിച്ചടിയായി. യൂണിറ്റ് നേതൃത്വത്തിനെതിരെ ശബ്ദമുയർത്തുന്നവർക്ക് വീണ്ടും ഇടം കിട്ടിയതോടെ ചുമതല പിടിച്ചടക്കാൻ ശ്രമിച്ച ജില്ലയിലെ ചില മുൻ എസ്.എഫ്.ഐ നേതാക്കളും അവരും തമ്മിൽ സംഘർഷത്തിലായി.
'എട്ടപ്പൻ" കളി തുടരുന്നു
കോളേജിൽ അതിക്രമം കാട്ടിയവർക്കെതിരേ നടപടിയെടുത്തെന്ന് എസ്.എഫ്.ഐ നേതൃത്വവും കോളേജ് അധികൃതരും പറയുമ്പോഴും പ്രശ്നക്കാരായ യൂണിറ്റ് ഭാരവാഹികളെ നിയന്ത്രിക്കുന്ന 'എട്ടപ്പൻ' എന്ന ഇരട്ടപ്പേരിലറിയപ്പെടുന്നയാൾ ഇപ്പോഴും അണിയറയിൽ സജീവമാണെന്ന സംസാരം വിദ്യാർത്ഥികൾക്കിടയിലുണ്ട്. 35 വയസിനുമേലുള്ള ഈ ഗവേഷണവിദ്യാർത്ഥി യൂണിവേഴ്സിറ്റി ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നാണ് പറയുന്നത്. കുത്ത് നടന്നതിന് ദിവസങ്ങൾക്കു മുമ്പ് മുൻ യൂണിറ്റ് സെക്രട്ടറിയെ മർദ്ദിച്ചതിനു പിന്നിൽ ഇയാളുടെ കരുനീക്കമാണെന്നാണ് ആക്ഷേപം.