തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിപ്പരിക്കേല്പിച്ച കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട് റെയ്ഡ് ചെയ്‌ത എസ്.ഐയെ അന്വേഷണച്ചുമതലയിൽ നിന്ന് മാറ്റിയെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ കന്റോൺമെന്റ് സ്റ്റേഷൻ ഉപരോധിച്ചു. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. ഇന്നലെ രാത്രി 9ഓടെയായിരുന്നു സംഭവം. സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ .ആർ.വി, സെക്രട്ടറി ബാഹുൽ കൃഷ്‌ണ‌, ജില്ലാ പ്രസിഡന്റ് സെയ്‌തലി കായ്പ്പാടി, സുബിൻ മാത്യു, അഖിൽ കാറാത്തല തുടങ്ങിയവർക്ക് പരിക്കേറ്റു. ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ച പ്രവർത്തകരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. എസ്.ഐയെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയിട്ടില്ലെന്നും സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച അമ്പതോളം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കന്റോൺമെന്റ് സി.ഐ അറിയിച്ചു.