തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ഇതുവരെ പിടിയിലായ ഏഴുപേരിൽ മാത്രം കേസ് ഒതുക്കാൻ പൊലീസ് നീക്കം നടത്തുന്നതായി സൂചന. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിപ്പട്ടികയിലുള്ള 30 പേരിൽ 14പേരെ തിരിച്ചറിയാനോ ഒളിവിൽ കഴിയുന്നവരെ പിടികൂടാനോ കേസിന്റെ തുടക്കത്തിലുണ്ടായ ഉത്സാഹം പൊലീസിന്റെഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് ആക്ഷേപം. അതേസമയം, ഇവരെ തെരഞ്ഞ് വരികയാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, പൊലീസ് ഇവർ കീഴടങ്ങാൻ നോക്കിയിരിക്കുകയാണെന്ന ആരോപണവും ഒരു വശത്ത് ഉയരുന്നുണ്ട്.
വധശ്രമക്കേസിൽ ലുക്ക് ഔട്ട് നോട്ടീസിലുൾപ്പെട്ട അമർ, ഇബ്രാഹിം എന്നിവരെപോലും നാലുദിവസം നീണ്ട അന്വേഷണത്തിനൊടുവിലും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. കീഴടങ്ങാമെന്ന പ്രതികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉറപ്പ് പൊലീസ് വിശ്വസിച്ചതാണ് പിടികൂടാനുള്ള ശ്രമങ്ങൾ ഉണ്ടാകാത്തതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഇരുവരും വീടുകളിൽ നിന്ന് മുങ്ങിയതായും മൊബൈൽഫോൺ ഉപയോഗിക്കുന്നില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. കേസിലെ പ്രധാന പ്രതികളും ലുക്ക് ഔട്ട് നോട്ടിസീലുൾപ്പെട്ട മറ്റുള്ളവരുമായ ശിവരഞ്ജിത്ത്, നസിം,അദ്വൈത്, ആരോമൽ, ആദിൽ, രഞ്ജിത്ത് എന്നിവരും യൂണിറ്റ് കമ്മിറ്റിയംഗമായ ഇജാബുമാണ് ഇതുവരെ അറസ്റ്രിലായവർ.
കേസിൽ മൊത്തം 30 പേരെയാണ് പ്രതി ചേർത്തിട്ടുണ്ട്. ഇതിൽ അറസ്റ്റിലായവർ ഉൾപ്പെടെ 9 പേരാണ് പ്രധാന പ്രതികൾ. ശേഷിക്കുന്നവരെ കണ്ടാലറിയാവുന്നവരുടെ പട്ടികയിലാണ് പൊലീസ് ചേർത്തിരിക്കുന്നത്. ഇവരിൽ 7 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, തിരിച്ചറിഞ്ഞ ഏഴ് പേർ ആരൊക്കെയാണെന്നും പൊലീസ് പുറത്തുവന്നിട്ടില്ല. ഇത് കേസിൽ നിന്ന് ഇവരെ ഒഴിവാക്കാനുള്ള തന്ത്രമാണോ എന്നാണ് സംശയം.
വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം വിവാദമാകുകയും പാർട്ടിയും ഭരണനേതൃത്വവും പ്രതിസന്ധിയിലകപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്ന് വരുത്തി തീർക്കാൻ ലുക്ക് ഔട്ട് നോട്ടീസിലുള്ള ആറുപ്രതികൾ ഒരോരുത്തരായി കീഴടങ്ങുകയായിരുന്നു. ആദ്യദിവസം പിടിയിലായ യൂണിറ്റ് കമ്മിറ്റിയംഗം ഇജാബിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഖിലിനെ കുത്തിയ ആയുധം കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, ശിവരഞ്ജിത്, നസീം എന്നിവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. പ്രതികളെ ഇന്ന് ഹാജാരാക്കാനാണ് അപേക്ഷ പരിഗണിച്ച ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. കസ്റ്റഡി അനുവദിച്ചാൽ വിദ്യാർത്ഥിയെ കുത്തിയ ആയുധം കണ്ടെത്താനായി പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും. അതേസമയം ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് മൊഴിയെടുക്കാൻ ഡോക്ടർമാർ അനുമതി നൽകിയത്.
വധശ്രമക്കേസിലെ പ്രധാന പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജസീലും സർവകലാശാലയിലെ ഉത്തരക്കടലാസുകളും കണ്ടെത്തിയിരുന്നു. ഇതേപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.