psc-exams-

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്രവും അധികം വിശ്വാസ്യതയുള്ള കേരള പബ്ലിക് സർവീസ് കമ്മിഷന്റെ പരീക്ഷയ്ക്ക് ഇൻവിജിലേറ്രർമാരായി കോളേജുകളിലെ സാനിറ്രിറി വർക്കേസും സ്വീപ്പർമാരും. വിദ്യാർത്ഥിയുടെ വധശ്രമ കേസ് വിവാദമായ യൂണിവേഴ്സിറ്റി കോളേജിലാണ് സ്വീപ്പർമാർ ഇൻവിജിലേറ്റർമാരായി നിൽക്കുന്നതെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. കോളേജ് അദ്ധ്യാപകർ ഇതിന് വിമുഖത കാട്ടുമ്പോഴാണത്രേ പകരം ഇവരെ നിയോഗിക്കുന്നതെന്നാണ് വിവരം.

പ്രിൻസിപ്പൽമാരെയോ പ്രിൻസിപ്പൽ നിശ്ചയിക്കുന്നവരെയോ ആണ് ആ സ്ഥാപനത്തിലെ പി.എസ്. സി പരീക്ഷയ്ക്കുള്ള ചീഫ് സൂപ്രണ്ടുമാരായി നിയമിക്കുന്നത്. ചീഫ് സൂപ്രണ്ടാണ് മറ്റ് ഇൻവിജിലേറ്രർമാരെ നിയമിക്കുന്നത്. അദ്ധ്യാപകരെ ഇൻവിജിലേറ്രർമാരായും മറ്ര് ജോലികൾക്ക് അദ്ധ്യാപകേതര ജീവനക്കാരെയും നിയമിക്കണമെന്നാണ് പി.എസ്. സി നിർദ്ദശിക്കുന്നത്.

ഒരു ദിവസം ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് നിന്നാൽ 550 രൂപയാണ് പ്രതിഫലം. സാധാരണ ഗതിയിൽ ശനിയാഴ്ച പി.എസ്. സി പരീക്ഷയും ഞായറാഴ്ച ബാങ്ക് ടെസ്റ്റുകളുമാണ് നടക്കാറ്. ഒരു ലക്ഷം രൂപയിലധികം യു.ജി.സി ഗ്രേഡിൽ ശമ്പളം വാങ്ങുന്ന അദ്ധ്യാപകർ 550 രൂപ പ്രതിഫലത്തിന് ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് തയ്യാറാവുകയില്ല. പിന്നെ ചെയ്യേണ്ടത് സമീപത്തുള്ള സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകരെ നിശ്ചയിക്കുകയാണ്. എന്നാൽ, അതിനും അദ്ധ്യാപകരെ കിട്ടാറില്ല. തുടർന്നാണ് കോളേജുകളിലെ സാനിറ്രറി വർക്കർമാർ, ഫുൾടൈം പാർട്ട് ടൈം സ്വീപ്പർ മാർ, പ്യൂൺമാർ, അറ്രൻഡർമാർ എന്നിവരെ പകരക്കാരാക്കുന്നത്.

ക്ലറിക്കൽ തസ്തികയിലുള്ളവരും ഇൻവിജിലേറ്രർമാരാകാറുണ്ട്. പരീക്ഷാ മേൽനോട്ടത്തിന് സങ്കോചമുണ്ടെങ്കിലും അവധി ദിവസം രണ്ടോ മൂന്നോ മണിക്കൂർ‌ കൊണ്ട് 550 രൂപ കിട്ടുന്നതിനാൽ എല്ലാ ക്ലാസ് ഫോർ ജീവനക്കാരും സന്തോഷ പൂർവം ഇൻവിജിലേഷൻ ഡ്യൂട്ടി ഏറ്രെടുക്കുകയും ചെയ്യും.