nedumkandam

ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെട്ട രാജ്കുമാറിൽ നിന്ന് പിടിച്ചെടുത്ത ഒന്നരലക്ഷത്തോളം രൂപ നിയാസിന്റെ നേതൃത്വത്തിൽ പൊലീസുകാർ വീതിച്ചെടുത്തതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതേ തുടർന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ജൂൺ 12ന് കസ്റ്റഡിയിലെടുത്ത രാജ്കുമാറിന്റെ ആരോഗ്യനില നിരന്തരമായ മർദ്ദനത്തെ തുടർന്ന് വഷളായപ്പോൾ 13ന് സ്റ്റേഷൻ ജാമ്യം നൽകിയെന്ന് വ്യാജരേഖയുണ്ടാക്കിയതായും പ്രതികൾ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. എസ്.ഐ കെ.എ. സാബുവിന്റെ നിർദേശപ്രകാരമാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് മൂന്നാംപ്രതി നിയാസും നാലാം പ്രതി സജീവ് ആന്റണിയും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായാണ് വിവരം.

രാജ്കുമാറിനെ മർദിച്ചത് എസ്.ഐ. കെ.എ.സാബുവിന്റെയും എ.എസ്.ഐ സി.ബി.റെജിമോന്റെയും നിർദേശപ്രകാരമാണെന്നും നെടുങ്കണ്ടം സ്റ്റേഷനിലെ ഡ്രൈവറായ നിയാസ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. കേസിൽ നിന്ന് പൊലീസുകാരെ രക്ഷിക്കാൻ നെടുങ്കണ്ടം പഞ്ചായത്തംഗം ആലീസ് തോമസിനെ കൊണ്ട് മുൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുപ്പിച്ചത് സി.പി.ഒ സജീവ് ആന്റണിയുടെ നിർദേശപ്രകാരമാണെന്നും ക്രൈംബ്രാ‌ഞ്ച് കണ്ടെത്തിയിട്ടുണ്ട്. ജൂൺ 12 മുതൽ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ്‌ പൊലീസുകാരുടെ മൊഴികളും സജീവും നിയാസും കൊടുത്ത മൊഴികളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരികയാണ്.

അതേസമയം, കസ്റ്റഡിമരണക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഹരിതാ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ജില്ലയ്ക്ക് പുറത്തേക്കുള്ള രാജ്കുമാറിന്റെ യാത്രകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോലാഹലമേട്ടിൽ നിന്ന് തൂക്കുപാലത്ത് എത്തുന്നതിനിടയിൽ രാജ്കുമാർ ആരൊക്കെയുമായാണ് ബന്ധം സ്ഥാപിച്ചിരുന്നതെന്നും ഏതെങ്കിലും ഭൂമിയിടപാടുകളുമായി ബന്ധമുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന എസ്.ഐ കെ.എ. സാബുവിന്റെ ജാമ്യാപേക്ഷയിൽ ഇടുക്കി മുൻ എസ്.പിക്കും കട്ടപ്പന ഡിവൈ.എസ്.പിക്കുമെതിരെ രൂക്ഷമായ പരാമർശം ഉണ്ടായി. രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചതും അറസ്റ്റ് ചെയ്തതും അന്നത്തെ എസ്.പിയുടെയും കട്ടപ്പന ഡിവൈ.എസ്.പിയുടെയും നിർദ്ദേശപ്രകാരമാണെന്നും കീഴുദ്യോഗസ്ഥനെന്ന നിലയിൽ അത് അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല അന്വേഷണ പുരോഗതി അതത് സമയങ്ങളിൽ ഈ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്കുമാർ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസങ്ങളിൽ താനും കേസിലെ നാലാം പ്രതിയായ സി.പി.ഒ സജീവ് ആന്റണിയും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നും മുൻ എസ്.ഐ ചൂണ്ടിക്കാട്ടി.