വിചിത്ര ആകൃതിയിലുള്ള ഈ മരങ്ങൾ കൃത്രിമമാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇവ യഥാർത്ഥത്തിലുള്ളതാണ്. എന്നാൽ, അവ രൂപമാറ്റം വരുത്തിയതാണെന്ന് മാത്രം. 'സർക്കസ് മരങ്ങൾ' എന്നറിയപ്പെടുന്ന ഇവയുടെ വിചിത്ര ആകൃതിക്ക് പിന്നിൽ ആക്‌സൽ എർലാൻഡ്സൺ എന്ന സ്വീഡിഷ് - അമേരിക്കൻ വംശജനാണ്. കർഷകനായ ആക്‌സൽ 1925 മുതൽ മരങ്ങളിൽ രൂപമാറ്റം ചെയ്യുന്നത് ഹോബിയാക്കി. ആക്‌സൽ, വൃക്ഷങ്ങളെ പ്രകൃതി ദത്തമായ രീതിയിൽ നിന്നും വ്യത്യസ്തമായി നട്ടു വളർത്തി.
മരങ്ങളിൽ ഒടിവുകളും വളവുകളും ഉണ്ടാക്കി അവയ്‌ക്ക് പ്രത്യേക ആകൃതി വരുത്തി. തടികളും ശിഖരങ്ങളും ശ്രദ്ധാപൂർവം വളച്ച് ഹാർട്ട്, വേവ്, റിംഗ്, ബാസ്‌കറ്റ് തുടങ്ങിയ വ്യത്യസ്ത ഡിസൈനുകൾ രൂപപ്പെടുത്താൻ തുടങ്ങി. മരങ്ങൾ കൂട്ടിച്ചേർത്തും പുതിയ രൂപങ്ങൾ സൃഷ്‌ടിച്ചു.
തന്റെ ഡിസൈനുകൾക്കനുസരിച്ച് മരത്തിന്റെ വളർച്ചയെ ആക്‌സൽ നിയന്ത്രിച്ചു. ഈ വിചിത്ര മരങ്ങൾ ആളുകൾക്ക് കാണാനായി' ട്രീ സർക്കസ് ' എന്ന ചെറിയ പാർക്ക് തുറന്നു.
40 വർഷം കൊണ്ട് 70 ലേറെ വിചിത്ര വൃക്ഷങ്ങൾക്കാണ് ആക്‌സൽ രൂപം നൽകിയത്. 1963ൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സർക്കസ് മരങ്ങളും പാർക്കും ആക്‌സൽ വിറ്റു. 1964ൽ ആക്‌സൽ അന്തരിച്ചു. അതിന് ശേഷം പലതവണ ഈ മരങ്ങൾ മാറി പലരുടെയും കൈകളിൽ എത്തി. അവരാരും തന്നെ ആക്‌സലിനെ പോലെ മരങ്ങളെ പരിചരിച്ചില്ല. അതുകൊണ്ട് കുറേ മരങ്ങൾ നശിച്ചു പോയി. 1976ൽ മാർക് പ്രിമാക് എന്ന ആർക്കിടെക്‌ട് ഈ മരങ്ങളെ സംരക്ഷിക്കാൻ മുന്നോട്ട് വന്നു.
മരങ്ങളുടെ സംരക്ഷണത്തിനായി മാർക് പ്രിമാക് നടത്തിയ പരിശ്രമങ്ങൾ കാലിഫോണിയയിലെ ഗിൽറോയ് ഗാർഡൻസ് എന്ന ഫാമിലി തീം പാർക്ക് സ്ഥാപകൻ മൈക്കൽ ബോൻഫാൻറ്റെയെ ആകർഷിച്ചു. 24 സർക്കസ് മരങ്ങൾ അദ്ദേഹം ഏറ്റെടുത്തു. അതോടെ ഇവ ഗിൽറോയ് ഗാർഡൻസിലെ മുഖ്യ ആകർഷണമായി മാറി.