തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ ഏഴ് പ്രതികൾക്കും പൂജപ്പുര ജില്ലാ ജയിലിൽ സുഖവാസം. ജയിലിലെ രണ്ട് ബ്ലോക്കുകളിലായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. മീനും ഇറച്ചിയും കൂട്ടിയുള്ള ആഹാരമാണ് നൽകുന്നത്. റിമാൻഡ് തടവുകാരായതിനാൽ ജയിലിലെ ജോലികൾ ചെയ്യേണ്ടതില്ല. എന്നാൽ ജോലി ചെയ്യാൻ സന്നദ്ധരായ റിമാൻഡ് തടവുകാരെ ജില്ലാ ജയിലിൽ പാചകം, പരിസരം ശുചീകരിക്കൽ തുടങ്ങിയവയ്‌ക്ക് നിയോഗിക്കാറുണ്ട്. എന്നാൽ സന്നദ്ധരല്ലാത്തതിനാൽ ഇവരെ ജോലിക്ക് നിയോഗിക്കുന്നില്ല.
റിമാൻഡിലാവുന്ന വിദ്യാർത്ഥി സംഘടനാ നേതാക്കളെ ഒരുമിച്ച് താമസിപ്പിക്കുന്നതും ചില ഇളവുകൾ നൽകുന്നതും പതിവാണെങ്കിലും ക്രിമിനൽ കേസ് പ്രതികളായ ഇവർക്ക് ഇളവ് നൽകുന്നില്ലെന്നാണ് ജില്ലാ ജയിൽ അധികൃതർ പറയുന്നത്. പാർട്ടിക്കാരും സുഹൃത്തുക്കളുമായി നിരവധിപേർ കാണാനെത്തുന്നുണ്ട്. എന്നാൽ നാലാം പ്രതിയായ കൊല്ലം പത്തനാപുരം സ്വദേശി അദ്വെെത് മണികണ്ഠനെ അമ്മയും സഹോദരനും മാത്രമാണ് കാണാനെത്തിയത്.
എസ്.എഫ്.ഐക്കാരും അഭിഭാഷകരും സുഹൃത്തുക്കളുമടക്കം സന്ദർശനത്തിന് അനുമതി തേടിയെങ്കിലും നിരവധിപേരെ മടക്കി അയച്ചു. ചട്ടപ്രകാരമുള്ള സന്ദർശകരെ മാത്രമാണ് അനുവദിക്കുന്നതെന്നും അധികൃതർ പറയുന്നു.
ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി എ.എൻ. നസീം, നാലാം പ്രതി അദ്വെെത് മണികണ്ഠൻ (19), അഞ്ചാം പ്രതി കിളിമാനൂർ സ്വദേശി ആദിൽ മുഹമ്മദ് (20), ആറാം പ്രതി നെയ്യാറ്റിൻകര നിലമേൽ സ്വദേശി ആരോമൽ (18), ഏഴാം പ്രതി ഇജാബ് എന്നിവരാണ് റിമാൻഡിലുള്ളത്. നസീമിനെയും ശിവരഞ്ജിത്തിനെയും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നേരത്തേ നസീമിനെയും ശിവരഞ്ജിത്തിനെയും വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോൾ നേതാക്കളുമായും സുഹൃത്തുക്കളുമായും സംസാരിക്കാൻ പൊലീസ് അവസരമൊരുക്കിയത് വിവാദമായിരുന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും നെയ്യാറ്റിൻകര ഏരിയാ ഭാരവാഹിയുമായ നേതാവിന്റെ നേതൃത്വത്തിൽ പൊലീസിന്റെ കൺമുന്നിൽ ഇവർ മാറിനിന്ന് ചർച്ച നടത്തി. മാദ്ധ്യമപ്രവർത്തകർ അടുത്തെത്താതിരിക്കാൻ പൊലീസ് ജാഗ്രത പുലർത്തി.
അഭിഭാഷകനോട് തനിച്ച് സംസാരിക്കണമെന്ന ശിവരഞ്ജിത്തിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. മജിസ്ട്രേട്ടിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ അഭിഭാഷകരുമായി ചർച്ച നടത്താവൂ എന്നായിരുന്നു ഉത്തരവ്. എന്നാൽ കോടതിവളപ്പിൽ അഭിഭാഷകരുമായി സംസാരിക്കാൻ പ്രതികൾക്ക് പൊലീസ് അവസരമൊരുക്കി.