തിരുവനന്തപുരം: പേപ്പർ കമ്പനിയിലേക്ക് ഏതെങ്കിലും കോളേജിൽ നിന്ന് ഒന്നു വിളിച്ചു പറഞ്ഞാൽ മതി, കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ എത്ര വേണമെങ്കിലും ഏത് ഓടയിലും തള്ളും. നോട്ടം പേപ്പർ പർച്ചേസിലെ ലക്ഷങ്ങളുടെ കമ്മിഷൻ മാത്രം! പ്രതിവർഷം ഉത്തരക്കടലാസുകൾ വാങ്ങാൻ ഒന്നര മുതൽ രണ്ടു കോടി വരെയാണ് സർവകലാശാല ചെലവിട്ടിരുന്നത്. നഗരത്തിലെ പ്രമുഖ സ്വകാര്യ പേപ്പർ വിതരണ കമ്പനിയിൽ നിന്നായിരുന്നു പർച്ചേസ്. ഇവിടെ നിന്നു മാത്രം പേപ്പർ വാങ്ങാൻ സിൻഡിക്കേറ്റ് അംഗങ്ങളിൽ പലർക്കും വലിയ ഉത്സാഹമായിരുന്നു. ഡോ. പി.കെ. രാധാകൃഷ്‌ണൻ വൈസ് ചാൻസലർ ആയിരുന്നപ്പോൾ ഈ തട്ടിപ്പിന് കടിഞ്ഞാണിട്ടത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ ടെൻഡറിൽ പങ്കെടുപ്പിച്ചാണ്. 75 ലക്ഷത്തിന്റെ ടെൻഡർ കഴിഞ്ഞപ്പോൾ ലാഭം 15 ലക്ഷം രൂപ ! അത്രയും കാലം ഈ തുക സർവകലാശാലയിലെ ഉന്നതരുടെ കീശയിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്.
കേരള സർവകലാശാലയുടെ 331പരീക്ഷാ സെന്ററുകളിലും സർവകലാശാലയുടെ 42 വകുപ്പുകളിലും മുൻകൂട്ടി ഉത്തരക്കടലാസുകൾ നൽകുന്നതാണ് പതിവ്. പരീക്ഷയെഴുതുന്നവരുടെ എണ്ണം പോലും കണക്കിലെടുക്കാതെ 500 പേപ്പറുകൾ വീതമുള്ള ബൻഡിലുകളാണ് കോളേജുകളിലേക്ക് എത്തുക. പേപ്പർ കെട്ടുകൾ സ്വീകരിക്കുന്നയാളുടെയും തിരികെ നൽകുന്നയാളുടെയും ഒപ്പും വിവരങ്ങളുമടങ്ങിയ രജിസ്റ്റർ പ്രിൻസിപ്പൽ സൂക്ഷിക്കണമെന്നാണ് ചട്ടമെങ്കിലും ഒരിടത്തും ഇതു നടക്കാറില്ല. സ്വാശ്രയ കോളേജുകളിൽ നിന്നടക്കം ഫോൺ ചെയ്താൽ എത്ര വേണമെങ്കിലും പേപ്പറുകൾ എത്തും. മിക്ക കോളേജുകളിലും ഉത്തരക്കടലാസുകൾ കൂട്ടിയിട്ടിരിക്കുകയാണ്. ചിലേടത്ത് ബാക്കിയുള്ളത് കത്തിച്ചുകളയും.
സ്റ്റോർ, പർച്ചേസ് വിഭാഗത്തിലുള്ള ചിലരുടെ ഒത്തുകളിയും ഇതിനു പിന്നിലുണ്ട്. സ്വകാര്യ വില്പനശാലയിൽ നിന്ന് വാങ്ങുന്ന പേപ്പറിൽ സർവകലാശാല നമ്പരും മറ്റും പ്രിന്റ് ചെയ്യുന്നുണ്ട്. ഇതിന് സർവകലാശാലാ പ്രസുണ്ട്. എന്നാൽ വിദൂര വിദ്യാഭ്യാസത്തിന്റെ നോട്ടുകളും മറ്റും അച്ചടിച്ചിരുന്നത് സ്റ്റോർ ചുമതലയുള്ള ജീവനക്കാരന്റെ ബന്ധുവിന്റെ കഴക്കൂട്ടത്തെ പ്രസിലാണ്. ഉത്തരക്കടലാസിനായി വാങ്ങുന്ന പേപ്പറുകൾ ഈ പ്രസിലേക്കു മാറ്റുന്നതായും ആരോപണമുണ്ട്.
കൈവശമുള്ള ഉത്തരക്കടലാസുകളുടെ സ്റ്റോക്കെടുത്ത ശേഷം പർച്ചേസ് നടത്തിയാൽ മതിയെന്ന് പരീക്ഷാവിഭാഗം നിർദ്ദേശിക്കുമെങ്കിലും ഈ ഉദ്യോഗസ്ഥൻ കണക്കു നൽകില്ല. പേപ്പറില്ലാതെ പരീക്ഷ മുടങ്ങിയാലുള്ള സാഹചര്യം കണക്കിലെടുത്ത് പർച്ചേസിന് അനുവദിക്കും. കള്ളക്കളി പുറത്തായതോടെ കഴക്കൂട്ടത്തെ സ്വകാര്യ പ്രസിലെ അച്ചടി നിറുത്തിവച്ചിരിക്കുകയാണ്. പരീക്ഷാ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമായതോടെ ഒരു പർച്ചേസിൽ 13,000 റീം പേപ്പർ വാങ്ങിയിരുന്നത് 6000 റീമായി കുറയ്ക്കാനായെന്നും ഉദ്യോഗസ്ഥർ പറയുന്നു.