തിരുവനന്തപുരം: ഒരു ചെലാൻ നമ്പരുണ്ടെങ്കിൽ കേരള സർവകലാശാലയുടെ ഏതു പരീക്ഷയ്ക്കും എത്ര പേർക്കും പണമടയ്ക്കാം. ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിൽ പണമടയ്ക്കുന്നതിന്റെ വിവരങ്ങൾ ഒരുമാസം കഴിഞ്ഞു മാത്രമേ സർവകലാശാലയ്ക്ക് ലഭിക്കൂ. അതും സി.ഡിയിലാക്കി. ഈ സൗകര്യമുപയോഗിച്ച് നടത്തുന്ന വമ്പൻ തട്ടിപ്പിലൂടെ ദശലക്ഷക്കണക്കിന് രൂപയാണ് സർവകലാശാലയ്ക്ക് നഷ്ടമാവുന്നത്.
പരീക്ഷാ ഫീസും മറ്റു സേവനങ്ങൾക്കുള്ള ഫീസും അടയ്ക്കാൻ കേരള സർവകലാശാലയ്ക്ക് ഓൺലൈൻ പേമെന്റ് സൗകര്യവും സർവകലാശാലാ ആസ്ഥാനത്ത് ഓൺലൈൻ പണമടപ്പ് കേന്ദ്രവുമുണ്ട്. എന്നാൽ ഐ.ടി മിഷനു കീഴിലുള്ള ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിൽ ഫീസടച്ച ശേഷം സർവകലാശാലാ വെബ്സൈറ്റിലെ പരീക്ഷാ അപേക്ഷയിൽ ചെലാൻ നമ്പർ നൽകിയാൽ മതി. യാതൊരു പരിശോധനയുമില്ലാതെ ചെലാൻ നമ്പർ സർവകലാശാലയിലെ കമ്പ്യൂട്ടർ സംവിധാനം സ്വീകരിക്കുന്നതാണ് തട്ടിപ്പിന് സൗകര്യമൊരുക്കുന്നത്.
ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലെയും സർവകലാശാലയിലെയും ഡാറ്റാബേസുകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല. വിവരങ്ങൾ തത്സമയം കൈമാറുന്ന രീതിയുമില്ല. ഫീസടച്ചവരുടെ വിവരങ്ങൾ 30 ദിവസത്തിനു ശേഷം സി.ഡിയിലാക്കി സർവകലാശാലയ്ക്ക് കൈമാറുകയാണ് ജനസേവന കേന്ദ്രം ചെയ്യുന്നത്.
ഒരു ചെലാൻ നമ്പർ ഉപയോഗിച്ച് എത്ര പേർ പണമടച്ചാലും സർവകലാശാലയിലെ സെർവർ നിരസിക്കില്ല. വ്യാജ ചെലാൻ നമ്പരുകൾ സ്വീകരിക്കുന്നതു തടയണമെന്ന് പരീക്ഷാവിഭാഗം സർവകലാശാലാ കമ്പ്യൂട്ടർ സെന്ററിനു നിർദ്ദേശം നൽകിയെങ്കിലും ഒരു നടപടിയുമെടുത്തിട്ടില്ല. സർവകലാശാലയിലെ ഓൺലൈൻ കേന്ദ്രത്തിൽ പണമടച്ചാൽ പരിശോധനയ്ക്ക് ശേഷമേ സെർവർ വിവരങ്ങൾ സ്വീകരിക്കാറുള്ളൂ. സമാനമായി ഫ്രണ്ട്സ് കേന്ദ്രങ്ങളിൽ അടയ്ക്കുന്ന പണത്തിന്റെ ചെലാൻ നമ്പരുകൾ പരിശോധിച്ച് 45 മിനിട്ടിനു ശേഷമേ പണം സ്വീകരിക്കാവൂ എന്ന പരീക്ഷാ വിഭാഗത്തിന്റെ ശുപാർശ അംഗീകരിച്ചിട്ടില്ല. ഈ പഴുതുപയോഗിച്ച് സംഘടനാ നേതാക്കളും വിദ്യാർത്ഥികളിൽ നിന്ന് പണപ്പിരിവു നടത്തി തട്ടിപ്പ് നടത്തുന്നതായും സൂചനയുണ്ട്. തട്ടിപ്പ് പിന്നീട് കണ്ടുപിടിച്ചാലും നടപടിയെടുക്കാറുമില്ല.
''ചെലാൻ തട്ടിപ്പ് നടത്തിയ നിരവധി പരാതികളുണ്ടായി. ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിൽ ഫീസടയ്ക്കുന്നതിന്റെ വിവരങ്ങൾ അന്നു തന്നെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാലയിലെ ഓൺലൈൻ പേമെന്റ് സംവിധാനം ശക്തിപ്പെടുത്തും''
- ഡോ. പി.പി. അജയകുമാർ
പ്രോ വൈസ് ചാൻസലർ