''എന്തായിത്?"
ഇന്ദിരാഭായിയും ബലഭദ്രന്റെ ഭാര്യ സുമംഗലയും മുറ്റത്തേക്ക് ഇറങ്ങി. അപ്പോഴേക്കും പോലീസ് വാഹനങ്ങൾ രണ്ടും വെട്ടിത്തിരിഞ്ഞു പാഞ്ഞുപോയി.
ഇന്ദിരാഭായി അപ്പോൾത്തന്നെ അനന്തഭദ്രനു ഫോൺ ചെയ്തു വിവരം പറഞ്ഞു.
''ഞാൻ നിലമ്പൂര് എത്താറായി. വേണ്ടത് ചെയ്തോളാം."
അനന്തഭദ്രന്റെ മറുപടി കിട്ടി.
ബൊലേറോ കരിമ്പുഴ പാലം കടന്ന് നിലമ്പൂരിനു കുതിക്കുമ്പോൾ മുൻ സീറ്റിൽ നിന്ന് സി.ഐ ഋഷികേശ് പിന്നോട്ടു തിരിഞ്ഞു.
കൂട്ടിലകപ്പെട്ട പുലിയെപ്പോലെ അസ്വസ്ഥനാണ് ബലഭദ്രൻ എന്നു കണ്ടു.
''തമ്പുരാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. പക്ഷേ എന്നെ പീഡിപ്പിച്ചെന്നും പറഞ്ഞ് സ്വന്തം വീട്ടിലെ ജോലിക്കാരിയുടെ മകൾ വന്നാൽ ഞങ്ങൾ എന്തുചെയ്യും?"
''ഇല്ല." ബലഭദ്രൻ തല കുടഞ്ഞു.
''ആ കുട്ടി ഒരിക്കലും അങ്ങനെ പറയില്ല."
ഋഷികേശിനു ചിരിവന്നു.
''സത്യം പറയാമല്ലോ തമ്പുരാൻ. അവളെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതാ. നിങ്ങളെ പൂട്ടാൻ. പൂട്ടിയിരിക്കും ഞാൻ."
ബലഭദ്രന്റെ പല്ലുകൾ ഞെരിഞ്ഞു.
''ഋഷികേശേ... നീ കളിക്കുന്നത് തീയോടാണ്. വെറും തീയോടല്ല. ഉലയിൽ പഴുത്തു കിടക്കുന്ന കനലിനോട്."
ഋഷികേശ് ഒന്നു ചൂളമടിച്ചു.
''കാണാൻ പോകുകയല്ലേ കളി?" അയാൾ തിരിഞ്ഞു മുന്നോട്ടിരുന്നു.
*** *** *****
നിലമ്പൂർ പോലീസ് സ്റ്റേഷൻ.
അര മണിക്കൂറിനു ശേഷം.
മുറ്റത്തേക്ക് അനന്തഭദ്രന്റെ ബൻസ് കാർ ഇരച്ചുകയറി ബ്രേക്കിട്ടു.
പിൻസീറ്റിൽ നിന്ന് അനന്തഭദ്രൻ ചാടിയിറങ്ങി. പിന്നെ അകത്തേക്കു കുതിച്ചു.
സെൻട്രി എന്തോ ചോദിച്ചു.
''പോടാ." അയാളെ അവഗണിച്ച് അനന്തഭദ്രൻ അകത്തെത്തി.
അവിടെയുണ്ടായിരുന്ന പോലീസുകാർ ചാടിയെഴുന്നേറ്റു.
അവരെയും അവഗണിച്ച് അനന്തഭദ്രൻ സി.ഐയുടെ ഹാഫ് ഡോർ വലിച്ചു തുറന്നു.
അകത്ത് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു ഋഷികേശ്.
''ഒക്കെ ഞാൻ ഏറ്റെന്നേ... എന്റെ കയ്യിൽ കിട്ടിയ പ്രതിയെ എന്തു ചെയ്യണമെന്ന് എനിക്ക് ശരിക്കറിയാം."
പറഞ്ഞിട്ടു നോക്കിയത് അനന്തഭദ്രന്റെ കത്തുന്ന കണ്ണുകളിലേക്ക്.
''ഞാൻ വിളിക്കാം." പറഞ്ഞിട്ട് ഋഷികേശ് കാൾ മുറിച്ചു.
കൊടുങ്കാറ്റായി അനന്തഭദ്രൻ സി.ഐയുടെ ടേബിളിനു മുന്നിലെത്തി. അവിടെ കിടന്നിരുന്ന കസേര ഒരുവശത്തേക്കു തള്ളിയിട്ട് മേശപ്പുറത്ത് കൈകൾ കുത്തി മുന്നോട്ടാഞ്ഞു.
''എന്ത് തെറ്റാടാ ബലഭദ്രൻ ചെയ്തത്?
ആ ചോദ്യം ഇടിമുഴക്കം പോലെ മുറിയിൽ മുഴങ്ങി.
''അയാൾ മാത്രമല്ല നിങ്ങളും തെറ്റു ചെയ്തു. നിങ്ങൾക്കും അറസ്റ്റ് വാറണ്ടുണ്ട്."
സി.ഐ എഴുന്നേറ്റു.
ഹാഫ് ഡോർ തുറന്ന് എസ്.ഐയും പോലീസുകാരും അകത്തെത്തി. അനന്തഭദ്രനു പിന്നിൽ കരുതലോടെ നിലയുറപ്പിച്ചു.
''എന്തിന് വാറണ്ട്?"
അനന്തഭദ്രന്റെ ഒച്ച കുറേക്കൂടി ഉയർന്നു.
''ദേ. ഇത് പോലീസ് സ്റ്റേഷനാണ്. ഒച്ച കുറയ്ക്കുന്നതു കൊള്ളാം."
സി.ഐയുടെ ഭാവവും മാറി:
''പ്രായപൂർത്തിയാകാത്ത ഒരു പെങ്കൊച്ചിനെ റേപ്പുചെയ്ത് ഗർഭിണിയാക്കിയിട്ട് നിന്നു കുരയ്ക്കരുത്. അടിച്ചു കരണം പുകയ്ക്കും ഞാൻ."
ഋഷികേശ് തന്റെ കൈപ്പത്തി മലർത്തി കാണിച്ചു.
അനന്തഭദ്രന് ആകെ പെരുത്തു കയറി.
''തോന്ന്യാസം പറയുന്നോടാ?" ചോദ്യവും അടിയും ഒന്നിച്ച്.
ഋഷികേശിന്റെ കവിളിൽ പടക്കം പൊട്ടി. അനന്തഭദ്രൻ അയാളുടെ യൂണിഫോമിൽ കുത്തിപ്പിടിച്ച് മേശപ്പുറത്തുകൂടി വലിച്ച് ഇപ്പുറത്തേക്കിട്ടു ചവുട്ടി.
മേശപ്പുറത്തിരുന്ന സെൽഫോണും ഫയലുകളും മറ്റും താഴെ വീണു ചിതറി.
എസ്.ഐയും പോലീസുകാരും അനന്തഭദ്രനെ വട്ടം പിടിച്ച് പിന്നോട്ടു വലിച്ചു.
ഋഷികേശ് വല്ലവിധേനയും തറയിൽ നിന്ന് എഴുന്നേറ്റ് നെഞ്ചു തടവി. അയാൾക്ക് വായിൽ പച്ചച്ചോരയുടെ രുചി വന്നു.
''വിലങ്ങിടെടാ ഇവനെ...."
ശ്വാസം വലിച്ചു വിട്ടുകൊണ്ട് സി.ഐ കൽപ്പിച്ചു.
നാലുപേർ ചേർന്ന് അനന്തഭദ്രന്റെ കൈകൾ പിന്നോട്ടു പിടിച്ചു തിരിച്ചു വിലങ്ങിട്ടു.
ആ സെക്കന്റിൽ ഋഷികേശ് മുന്നോട്ടു കുതിച്ചു.
''നീ പോലീസിനെ കൈവയ്ക്കും. അല്ലേടാ?"
അനന്തഭദ്രന്റെ കവിളിലും ഒറ്റയടി.
പോലീസുകാർ അപ്പോഴും അയാളിലെ പിടിവിട്ടിരുന്നില്ല.
അനന്തഭദ്രൻ തന്റെ ഭാരം അവരിലേക്ക് അമർത്തിക്കൊണ്ട് കാലുയർത്തി ഒറ്റചവിട്ട്.
ഒരു തടിക്കഷണം നെഞ്ചിൽ വന്നു പതിച്ചതുപോലെ ഋഷികേശ് പിന്നോട്ടു തെറിച്ചു ചെന്ന് അലമാരയിൽ ഇടിച്ചുവീണു.
ഏതാനും നിമിഷത്തേക്ക് അനങ്ങാനായില്ല ഋഷികേശിന്.
അനന്തഭദ്രൻ അയാൾക്കു നേരെ കുതിക്കാനാഞ്ഞു. പക്ഷേ പോലീസുകാർ വിട്ടില്ല.
''അവനെ കൊണ്ടുപോ... മറ്റവന്റെ അടുത്തേക്ക്..."
ഋഷികേശ് തറയിൽ കൈകുത്തി എഴുന്നേറ്റു.
പോലീസുകാർ അനന്തഭദ്രനെ രണ്ടാം നിലയിലേക്കു കൊണ്ടുപോയി...
അവിടെ...
ആ കാഴ്ച കണ്ട് നടുങ്ങിപ്പോയി അനന്തഭദ്രൻ!
(തുടരും)