വർക്കല: മാലിന്യങ്ങളൊഴിയാത്ത നിരത്തുകളിൽ തെരുവുനായ്ക്കൾ കൂടി നിറഞ്ഞതോടെ വർക്കല നഗരത്തിലെ ജനജീവിതം പൊറുതിമുട്ടി. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
വളർത്തു മൃഗങ്ങളും വഴിയാത്രക്കാരും
സ്ക്കൂൾകുട്ടികളുമെല്ലാം ഇവയുടെ ആക്രമണം നേരിട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നവരിൽ തൊട്ടിലിൽ കിടന്നുറങ്ങിയ ഒരു ചോരക്കുഞ്ഞുവരെയുണ്ട്. വീടിനകത്ത് കയറിയാണ് ചോരക്കുഞ്ഞിനെ കടിച്ചെടുത്ത് പുറത്തേക്കോടാൻ തെരുവ് നായ ശ്രമിച്ചത്. കുഞ്ഞിന്റെ മാതാവ് നിമിഷനേരം കൊണ്ട് എത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. മാതാവിനും പട്ടിയുടെ കടിയേറ്റു. വർക്കല മൈതാനത്തിനു സമീപമായിരുന്നു ഈ സംഭവം. ടൗണിലെ കടയ്ക്കുള്ളിൽ കയറി ഒരാളെ തെരുവുനായ കടിച്ചുകുടഞ്ഞ സംഭവവുമുണ്ട്. അയിരൂരിൽ നായയുടെ കടിയേറ്റ് ഒരു മൂന്നു വയസുകാരന് മാരകമായി പരിക്കേറ്റു. കാപ്പിൽ റെയിൽവെസ്റ്റേഷനു സമീപം സ്ത്രീകൾ ഉൾപെടെ അഞ്ച് വഴിയാത്രക്കാരെ ഒരേസമയം തെരുവ് നായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മുണ്ടയിൽ കാവിനു സമീപം പ്രഭാതസവാരിക്കിറങ്ങുന്നവരെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നതും പതിവാണ് . വർക്കല റെയിൽവെസ്റ്റേഷനിൽ തട്ടുകടയിൽ നിന്നും ചായകുടിക്കുകയായിരുന്ന വൃദ്ധനെ തെരുവ് നായ പിന്നിൽകൂടി വന്ന് ആക്രമിച്ചു. വർക്കലയെ തെരുവ് നായ്ക്കളിൽ നിന്നും മോചിപ്പിക്കുവാനുളള ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. സമീപപഞ്ചായത്തുകളുടെ സ്ഥിതിയും മറ്റൊന്നല്ല.
നഗരത്തിന്റെ പലഭാഗങ്ങളിലായി ഇതുവരെ 150ൽ പരം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് കണക്ക് .
സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നായ്ക്കളുടെ കടിയേറ്റ് എത്തുന്നവരുടെ എണ്ണം ഇതിലുമേറെയാണ്.
നിലവിലെ സ്ഥിതി
മാലിന്യ നിക്ഷേപം രൂക്ഷം
മാലിന്യം കുന്നുകൂടി
തെരുവുനായ്ക്കളുടെ ആക്രമണം
പരിക്കേറ്റവർ നിരവധി