കർണാടകയിൽ ദൾ -കോൺഗ്രസ് സഖ്യസർക്കാരിന്റെ ഭാവി നിയമസഭയിൽ ഇന്ന് തീരുമാനിക്കാനിരിക്കെ വിമത എം.എൽ.എമാരുടെ രാജിപ്രശ്നത്തിൽ ഇന്നലെ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിൽ നിന്നുണ്ടായ വിധി ഇരുഭാഗക്കാർക്കും ആശ്വാസം നൽകുന്നതാണ്. രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിത തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം തന്നെ രാജിക്കത്ത് സമർപ്പിച്ച് സ്പീക്കറുടെ തീരുമാനം കാത്തിരിക്കുന്ന പതിനഞ്ച് വിമത എം.എൽ.എ മാർ നിർബന്ധമായും സഭയിൽ ഹാജരായി വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുന്നതിൽ നിന്ന് സ്പീക്കറെ കോടതി വിലക്കിയിട്ടുമുണ്ട്. രാജി പ്രശ്നത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാൻ സമയപരിധി കല്പിച്ചിട്ടില്ലെങ്കിലും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റെ തീർപ്പ്. ഏതായാലും നിയമസഭയും ജുഡീഷ്യറിയും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ഇൗ വിധിയോടെ ഒഴിവായതാണ് ഏറെ ആശ്വാസം പകരുന്നത്. നിയമസഭാ നടപടികളിൽ സഭാദ്ധ്യക്ഷനായ സ്പീക്കറുടെ പരമാധികാരം അംഗീകരിച്ചതു വഴി പരമോന്നത കോടതി ഉന്നതമായ ജനാധിപത്യ പാരമ്പര്യവും ഭരണഘടനയുടെ അന്തസത്തയും ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ നിയമ നിർമ്മാണസഭയ്ക്കും ജുഡിഷ്യറിക്കും ഭരണഘടനാശില്പികൾ വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. അധികാരപരിധിയിൽ ഒതുങ്ങിനിന്ന് വിവേകപൂർവമായ തീരുമാനം എടുക്കുമ്പോഴാണ് അവ കൂടുതൽ ഒൗന്നത്യത്തിലേക്ക് ഉയരുന്നത്. കർണാടക രാഷ്ട്രീയ പ്രതിസന്ധിയിൽ നിയമസഭയും കോടതിയും തമ്മിൽ ഒരു ഏറ്റുമുട്ടൽ പ്രതീക്ഷിച്ചവർ ധാരാളമുണ്ട്. അവരെ നിരാശരാക്കുന്നതാണ് കോടതി തീരുമാനമെങ്കിലും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഇൗ തീരുമാനം ഏറെ ആശ്വാസകരമാണെന്നുതന്നെ പറയാം.
സഖ്യ സർക്കാരിനോട് പിണങ്ങി സഭാംഗത്വം രാജിവച്ച പതിനഞ്ച് എം.എൽ.എമാരെ കൂറുമാറ്റ നിയമത്തിൽ കുരുക്കി അയോഗ്യരാക്കാനുള്ള ഭരണപക്ഷക്കാരുടെ നീക്കത്തിനും സുപ്രീംകോടതി വിധി തടയിട്ടിരിക്കുകയാണ്. രാജി സ്പീക്കർ ഒൗപചാരികമായി അംഗീകരിക്കാത്തിടത്തോളം കാലം അവർ മാതൃസംഘടനയിൽത്തന്നെ തുടരുമെന്നും പാർട്ടി വിപ്പ് പ്രകാരം സഭയിൽ ഹാജരായി സർക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്യാൻ ബാദ്ധ്യസ്ഥരാണെന്നുമുള്ള വാദം കോടതി നിരാകരിച്ചിരിക്കുകയാണ്. സഭാനടപടികളിൽ പങ്കെടുക്കാൻ ആർക്കും തന്നെ അവരെ നിർബന്ധിക്കാനാവില്ല. നേരത്തെതന്നെ സ്പീക്കർക്ക് രാജിക്കത്ത് നൽകിയതു കൊണ്ടാണിത്.
ദൾ നേതാവായ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിന്റെ ഭാവി സുപ്രീംകോടതി വിധിക്ക് മുമ്പുതന്നെ തുലാസിലായിരുന്നു. മന്ത്രിസഭയെ നിലനിറുത്താനും മറിച്ചിടാനും ഭരണ-പ്രതിപക്ഷ നേതൃത്വങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നാണംകെട്ട അടവുകൾക്ക് ഇന്നത്തെ വിശ്വാസവോട്ടെടുപ്പോടു കൂടി അന്ത്യമാകുമെന്നുവേണം കരുതാൻ. വിമതരായ പതിനഞ്ചുപേർ രാജിവച്ചതോടു കൂടി സഭയുടെ അംഗബലം 208 ആയി ചുരുങ്ങിയിരിക്കുകയാണ്. ബി.ജെ.പി പക്ഷത്ത് സ്വതന്ത്രരടക്കം 107 പേരുണ്ടെന്നാണ് അവകാശവാദം. ഭരണപക്ഷത്തിനാകട്ടെ 101 അംഗങ്ങളേയുള്ളു. ഭൂരിപക്ഷമില്ലെന്നു വളരെ വ്യക്തം. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനം ഏത് രൂപത്തിലാകും അവസാനിക്കുകയെന്ന് പറയാനാവില്ല. ഇത്തരം സന്ദർഭങ്ങളിൽ പല നിയമസഭകളിലും അരങ്ങേറിയിട്ടുള്ള നാടകീയ സംഭവ പരമ്പരകൾ കർണാടക സഭയിലും ആവർത്തിച്ചെന്നുവരാം. ജനാധിപത്യത്തിന് തീരാക്കളങ്കമുണ്ടാക്കുന്ന തരത്തിൽ അരുതാത്തത് പലതും നടന്നെന്നിരിക്കും. എം.എൽ.എമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കാനും ഏത് മാർഗേനയും അവരിൽ ഏതാനും പേരുടെയെങ്കിലും സാന്നിദ്ധ്യം ഒഴിവാക്കാനും ഏത് കുത്സിത നീക്കങ്ങൾക്കും ഇരുപക്ഷവും മടി കാണിക്കുമെന്ന് തോന്നുന്നില്ല. റിസോർട്ടുകളിലും ഹോട്ടലുകളിലുമായി കഴിയുന്ന ഇരുപക്ഷത്തെയും എം.എൽ.എമാർ അക്ഷരാർത്ഥത്തിൽ ബന്ദികളാണിപ്പോൾ.
ഭൂരിപക്ഷം നഷ്ടമായെന്നു പരിപൂർണമായി ബോദ്ധ്യപ്പെട്ടാൽ സഖ്യസർക്കാർ സഭയെ നേരിടാൻ നിൽക്കാതെ രാജിവച്ചൊഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭൂരിപക്ഷമില്ലെന്ന് ബോദ്ധ്യപ്പെട്ടാൽ രാജി എന്നാണ് കോൺഗ്രസ് നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ജൂനിയർ പാർട്ണറായ ദളിന് മുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് തയ്യാറായത്. തുടക്കം തൊട്ടേ തട്ടിയും മുട്ടിയുമാണ് സർക്കാർ മുമ്പോട്ടുപോയത്. ബി.ജെ.പി അധികാരത്തിൽ വരരുതെന്ന ഏക അജൻഡയ്ക്കപ്പുറം സർക്കാരിന് വ്യക്തമായ നയപരിപാടികളൊന്നുമില്ലാതിരുന്നതും അധികാരത്തിനുവേണ്ടി ഭരണകക്ഷിക്കാർക്കിടയിൽത്തന്നെ ഉരുണ്ടുകൂടിയ ഭിന്നതകളും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയും അനുയായികളും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. എല്ലാറ്റിനും പുറമെ മുഖ്യമന്ത്രി എന്നനിലയിൽ കുമാരസ്വാമി എല്ലാനിലയിലും വലിയ പരാജയമായതും മന്ത്രിസഭയ്ക്ക് പലവട്ടം ഭീഷണി സൃഷ്ടിച്ചിരുന്നു. ഭരണമില്ലാത്ത അവസ്ഥയിലൂടെയാണ് കുറച്ചുനാളായി കർണാടക കടന്നു പോകുന്നത്. ഇതിന് മാറ്റമുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.