വിഴിഞ്ഞം: കൂടെ താമസിക്കാൻ വരാത്തതിന് കാമുകിയുടെ വീട്ടുവളപ്പിലെ കിണറ്റിലിറങ്ങി യുവാവിന്റെ ആത്മഹത്യാഭീഷണി. പബ്ളിസിറ്റി നേടാണ് ഇതെന്ന് യുവാവ് പറഞ്ഞു. ആഴാകുളം തൊഴിച്ചൽ സ്വദേശിയായ യുവാവിനെ (29)​ വിഴിഞ്ഞം ഫയർഫോഴ്സ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കരയ്ക്കെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. അയൽവാസിയായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയ ശേഷം 80അടി താഴ്ചയുള്ള കിണറ്റിൽ പകുതിയോളം ഇറങ്ങിനിന്ന് ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വിഴിഞ്ഞം ഫയർഫോഴ്സ് സ്ഥലത്തെത്തി. മണിക്കൂറുകളോളം കിണറ്റിൽ നിന്ന യുവാവ് ഭിത്തിയിൽ തലയിടിച്ച് മുറിവേല്പിച്ചു. അനുനയിപ്പിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ അവശനായ യുവാവ് തന്നെ രക്ഷപ്പെടുത്താൻ ഫയർഫോഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു. ഫയർമാൻ മോഹനൻ കിണറ്റിൽ ഇറങ്ങി അടുത്തെത്തിയപ്പോൾ യുവാവ് കിണറ്റിലേക്ക് ചാടി. 10 അടിയിലധികം വെള്ളമുണ്ടായിരുന്ന കിണറ്റിൽ മുങ്ങിത്താണ യുവാവിനെ രാത്രി 11.30ഓടെ വലയിൽ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ അനിൽകുമാർ, ഫയർമാന്മാരായ സജിൻ ജോസ്, രതീഷ്, ഡ്രൈവർ രാജശേഖരൻ, ഹോം ഗാർഡ് ശശി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവശനായ യുവാവിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. സംഭവമറിഞ്ഞ് കോവളം പൊലീസും സ്ഥലത്തെത്തിയിരുന്നു.